അപ്പച്ചൻ കണ്ണഞ്ചിറ

ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ കൾച്ചറൽ അസോസിയേഷനും, കേരളാ കമ്യൂണിറ്റി സപ്ലിമെന്ററി സ്കൂളും (KCA & KCSS) സംയുക്തമായി ഇപ്സ്വിച്ചിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രൗഢ ഗംഭീരമായി.

സെന്റ് ആൽബൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ഓണാഷോഷത്തിൽ പൂക്കളവും, പുലിക്കളിയും, ഓണപ്പാട്ടുകളും, സ്കിറ്റുകളും, തിരുവാതിരയും വർണ്ണ വിസ്മയം തീർക്കുകയായിരുന്നു.

താരനിബിഡമായ സ്റ്റേജ് ഷോയും, കുട്ടികളുടെ സിനിമാറ്റിക്, ബ്രേക്ക് ഡാൻസുകളും ചേർന്ന കലാപരിപാടികൾ ഏറെ ആകർഷകമായി. തൂശനിലയിൽ വിളമ്പിയ 24 ഇനം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ആഘോഷത്തിലെ ഏറ്റവും ഹൈലൈറ്റായി.

വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും പുലികളിയുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ എഴുന്നള്ളിയെത്തിയ മാവേലിയും, കേരളീയ വേഷം ധരിച്ചെത്തിയ നൂറ് കണക്കിന് മലയാളികൾ അണിനിരന്ന ഘോഷയാത്രയും ഇപ്സ്വിച്ച് മലയാളികൾക്ക് വേറിട്ട അനുഭവമായി. മലയാളി മങ്കമാരുടെ തിരുവാതിരയും 34 കുട്ടികൾ ചേർന്നൊരുക്കിയ ‘പൊന്നോണ നൃത്ത’വും ആഘോഷത്തിന് മാറ്റേകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കലാഭവൻ ജോഷിയുടെ നേതൃത്വത്തിൽ മിനി സ്ക്രീൻ താരങ്ങളും സിനി ആർട്ടിസ്റ്റുകളും മലയാള പിന്നണി ഗായകരും അരങ്ങുവാണ മെഗാ സ്റ്റേജ് ഷോ ഇപ്സ്വിച്ച് മലയാളികൾക്ക് അവിസ്മരണീയമായ ഓണാഘോഷമാണ് സമ്മാനിച്ചത്.

കെസിഎയുടെ രക്ഷാധികാരി ഡോ. അനൂപ് മാത്യു ഓണ സന്ദേശം നൽകുകയും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കെ സി എ യുടെ കായിക ദിനത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ ക്രൈസ്റ്റ് ചർച്ച് വാരിയേഴ്സിനും, വടംവലിയിൽ ജേതാക്കളായ റെഡ് ഡ്രാഗൺസ് ഇപ്സ്വിച്ചിനും ഉള്ള ട്രോഫികളും തദവസരത്തിൽ സമ്മാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള, പായസ പാചക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

പ്രൗഢ ഗംഭീരമായ കെസിഎ ഓണാഘോഷത്തിന് പ്രസിഡന്റ് ജോബി ജേക്കബ്, സെക്രട്ടറി ജുനോ ജോൺ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.