ആലുവ ജയിലില്‍ ഇനി ‘സിനിമാക്കാരായ’ സന്ദര്‍ശകരെ അനുവദിക്കില്ല. അഴിക്കുള്ളിലുള്ള ദിലീപിനെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ സന്ദര്‍ശിക്കാനാകൂ. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജിയില്‍ അധികൃതര്‍ക്ക് ഡിജിപി ശ്രീലേഖ നല്‍കി. ഇന്ന് ജയിലിലെത്തിയ ദിലീപിന്റെ സുഹൃത്തുകള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു.

സാക്ഷികളെ സ്വാധീനിക്കാന്‍ താരസംഘടനയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമാക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കേസുമായി നേരിട്ട് ബന്ധമുള്ള ആര്‍ക്കും ദിലീപുമായി ഇനി സംസാരിക്കാനാവില്ലെന്നാണ് സൂചന. ഫലത്തില്‍ ഭാര്യ കാവ്യാ മാധവനുമായി പോലും ദിലീപിന് കാണാനോ സംസാരിക്കാനോ പറ്റാത്ത സ്ഥിതി വിശേഷം ഉണ്ടാകും.

ഇന്ന് മുതലാണ് ദിലീപിന്റ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് ആലുവ ജയിലിലെത്തിയ സന്ദര്‍ശകര്‍ക്ക് ജയില്‍ സൂപ്രണ്ട് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിനിടെ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസ് നീക്കം തുടങ്ങി. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് സിനിമാ മേഖലയിലെ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. വമ്പന്‍ സ്രാവെന്ന് പൊലീസ് സംശയിക്കുന്ന ആളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. നേരത്തെ നാദിര്‍ഷായും കാവ്യാ മാധവനും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അതിന് ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലുമായി നാദിര്‍ഷാ സഹകരിച്ചില്ല. ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. കേസില്‍ സാക്ഷിയോ പ്രതിയോ ആകാനുള്ള ആരേയും റിമാന്‍ഡ് പ്രതികളെ കാണിക്കരുതെന്നാണ് ചട്ടം. ഇത് ലംഘിച്ച് കാവ്യയും ജയിലിലെത്തി. ഇതിനൊപ്പം ഗണേശ് കുമാര്‍ അടക്കമുള്ളവര്‍ ദിലീപിനെ ജയില്‍ സന്ദര്‍ശനത്തിന് ശേഷം കുറ്റവിമുക്തനാക്കിയതും ചര്‍ച്ചയായി.

ഈ സാഹചര്യത്തില്‍ ജയില്‍ വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് കോടതിയുടെ ശ്രദ്ധയില്‍ സന്ദര്‍ശക ബാഹുല്യം കൊണ്ടു വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയില്‍ വകുപ്പ് നിയന്ത്രണത്തിന് അവസരമൊരുക്കുന്നത്. ജയിലില്‍ നിന്ന് മൂന്ന് നമ്പരുകളിലേക്ക് ദിലീപിന് ഫോണ്‍ ചെയ്യാന്‍ അവസരമുണ്ട്. ഇങ്ങനെ കാവ്യയുടെ പിറന്നാള്‍ ദിനം ഭാര്യയുമായി ദിലീപ് സംസാരിച്ചിരുന്നു. ഇതും ചട്ടവിരുദ്ധമാണെന്ന അഭിപ്രായം സജീവമാണ്. ഈ സാഹചര്യത്തില്‍ കാവ്യയെ വിളിക്കരുതെന്നും ദിലീപിനോട് പറയും. എന്നാല്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ കൈമാറി കാവ്യക്ക് എടുത്താല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതരും പറയുന്നു. ഏതായാലും ജയിലിനുള്ളില്‍ വന്ന് കാവ്യയ്ക്ക് ഇനി ദിലീപിനെ കാണാനാകില്ല.

ഫലത്തില്‍ വിചാരണ കഴിഞ്ഞാല്‍ മാത്രമേ ഭര്‍ത്താവുമായി സംസാരിക്കാന്‍ പോലും കാവ്യയ്ക്ക് അവസരമുണ്ടാകുന്ന സ്ഥിതിയാണുള്ളത്. ഫോണ്‍ സംഭാഷണത്തില്‍ കര്‍ശന നിയന്ത്രണത്തിന് ജയില്‍ അധികൃതര്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നാണ് സൂചന. കേസില്‍ ദിലീപിനെതിരേ സിനിമാരംഗത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ നിര്‍ണ്ണായകമായേക്കാവുന്ന അഞ്ചു സാക്ഷിമൊഴികള്‍ ഉള്ളതായി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമായി തെളിയിക്കുന്ന സാക്ഷിമൊഴികളാണ് ഇതെന്നും അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് കാവ്യാമാധവനേയും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് ആത്മവിശ്വാസമാകുന്നത് ഈ മൊഴിയാണ്. ഈ മൊഴിയിലുള്ളവരെ സ്വാധീനിക്കാന്‍ സിനിമാക്കാര്‍ ശ്രമം തുടങ്ങിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് കരുതലെടുക്കുന്നത്.