ടെഹ്റാൻ: അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) ക്കുവേണ്ടി വിവരങ്ങൾ ചോർത്തിയ 17 പേരെ പിടികൂടിയെന്ന അവകാശവാദവുമായി ഇറാൻ. ഇവരിൽ ചിലരെ വധിച്ചെന്നും ഇറാൻ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സിഐഎയുടെ വൻചാരശൃംഖല തകർത്തെന്നാണ് ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയത്തെ ഉദ്ധരിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള ടിവി ചാനൽ റിപ്പോർട്ട് ചെയ്തത്. സിഐഎ ഉദ്യോഗസ്ഥരുടേതെന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങളും ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു. സാന്പത്തിക, ആണവ, സൈനിക, സൈബർ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കന്പനികളിൽ ജോലി ചെയ്തിരുന്നവരെയാണു ചാരപ്രവർത്തനത്തിനു പിടികുടിയതെന്നാണു സൂചന.
ഇവർ രഹസ്യങ്ങൾ ചോർത്തി അമേരിക്കയ്ക്കു കൈമാറിയെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ ആരോപിക്കുന്നു. ഇറാന്റെ ആരോപണം സംബന്ധിച്ച് സിഐഎയോ യുഎസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാനും അമേരിക്ക, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ വെളിപ്പെടുത്തൽ. സിഐഎ ചാരശൃംഖല തകർത്തെന്ന് ജൂണിൽ ഇറാൻ അവകാശപ്പെട്ടിരുന്നു. ഇതുമായി പുതിയ വെളിപ്പെടുത്തലിനു ബന്ധമുണ്ടോ എന്നു വ്യക്തമല്ല.
ജൂലൈ നാലിനു ബ്രിട്ടന്റെ റോയൽ മറൈൻസ് ഇറാനിയൻ ടാങ്കർ പിടിച്ചെടുത്തു. ഇതിനു പിന്നാലെ കഴിഞ്ഞയാഴ്ച ഇറാൻ ബ്രിട്ടീഷ് ടാങ്കറും പിടിച്ചെടുത്തു. ഹോർമുസ് കടലിടുക്കിൽ ഇറാനും അമേരിക്കയടക്കമുള്ള സഖ്യരാഷ്ട്രങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Leave a Reply