ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വാഷിംഗ്ടൺ : ഇറാഖിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ. ഇറാഖിൽ നിന്നും വിട്ടുപോകാൻ തീരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പിന്മാറുന്നു എന്ന തരത്തിലുള്ള യു.എസ് ജനറലിൻെറ കത്ത് അദ്ദേഹം തള്ളി. ആ കത്ത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും അതെവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും എസ്പർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാഖിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കുമെന്നറിയിച്ച് ഇറാഖിലെ യു.എസ് സൈന്യത്തിൻെറ ടാസ്‌ക് ഫോഴ്‌സ് മേധാവി ജനറൽ വില്യം എച്ച് സീലി സംയുക്ത സൈനിക ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ അമീറിന് അയച്ച കത്താണ് പുറത്തായത്.

ഇറാഖിൽ തങ്ങളുടെ അയ്യായിരത്തോളം സൈന്യം ഉണ്ടെന്ന് അമേരിക്ക അറിച്ചിരുന്നു. ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ യു.എസ് കൊലപ്പെടുത്തിയതിനെ തുടർന്ന് വിദേശ ശക്തികൾ രാജ്യംവിടണമെന്ന് ഇറാഖ് പാർലമെന്റ് കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ മറുപടി. ഒപ്പം സുലൈമാനിയുടെ വധത്തെ തുടർന്ന് യുഎസ് സൈന്യത്തെയും പെന്റഗണിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചുള്ള പ്രമേയം ഇറാൻ പാർലമെന്റ് പാസ്സാക്കി. പ്രമേയത്തിന് പാർലമെന്റ് അംഗങ്ങൾ ഏകകണ്ഠമായി വോട്ട് ചെയ്തതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.


2015ലെ ആണവ കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്ന നടപടികൾ അരുതെന്ന് ഇറാനോട് ജർമനിയും ഫ്രാൻസും ബ്രിട്ടനും ആവശ്യപ്പെട്ടിട്ടുണ്ട്. സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ പ​ശ്ചി​മേ​ഷ്യ​യെ മു​ൾ​മു​ന​യി​ലാ​ക്കി യു​ദ്ധ​ഭീ​തി ക​ന​ക്കുകയാണ്.