മിസൈല്‍ ആക്രമണത്തില്‍ 80 അമേരിക്കന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ടിവി. 15 മിസൈലുകള്‍ പ്രയോഗിച്ചു, ഒരെണ്ണം പോലും അമേരിക്കയ്ക്ക് തകര്‍ക്കാനായില്ല. യുഎസ് ഹെലികോപ്റ്ററുകളും ഉപകരണങ്ങളും നശിപ്പിച്ചു.

യുഎസ് താവളങ്ങളിലെ മിസൈല്‍ ആക്രമണത്തിലാണ് 80 മരണമെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയത്. ഐന്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈല്‍ ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലുമായി ഒരു ഡസനോളം ബലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ ആളപായമില്ലന്നായിരുന്നു അമേരിക്കൻ വാദം.

ഇറാന്‍ പ്രയോഗിച്ചത് ഈ വജ്രായുധങ്ങള്‍

പ്രധാനമായും യുഎസ് ചാരകണ്ണുകളെ വെട്ടിച്ച രണ്ടു മിസൈലുകളാണ്. ക്വിയാം, ഫത്തേ എന്നീ രണ്ടു ഹ്രസ്വ-ദൂര മിസൈലുകളാണ് ഇറാഖിലെ അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിക്കാൻ ഉപയോഗിച്ചത്. ഇറാഖിലെ യുഎസ് സൈനിക, സഖ്യസേന അൽ അസദ്, ഇർബിൽ വ്യോമ താവളങ്ങളിലാണ് ഈ മിസൈലുകൾ പതിച്ചത്. 180 മൈലിലധികം ദൂരത്തിൽ കൃത്യതയോടെ ഗൈഡഡ് 500 എൽബി ബോംബുകൾ എത്തിക്കാൻ കഴിയുന്നതാണ് ഈ മിസൈലുകൾ.

പടിഞ്ഞാറൻ ഇറാഖിലെ ഐൻ അൽ ആസദിലെയും ഇറാഖി കുർദിസ്ഥാനിലെ ഇർബിലിനു ചുറ്റുമുള്ള യുഎസ് സൈനിക താവളങ്ങളിൽ ആക്രമണം നടത്താൻ രണ്ട് തരം ബാലിസ്റ്റിക് മിസൈലുകളാണ് ഉപയോഗിച്ചത്. ഉപയോഗിച്ച മിസൈലുകളിൽ ഭൂരിഭാഗവും 300 കിലോമീറ്റർ സഞ്ചരിക്കാവുന്നതും 500 എൽബി പേലോഡ് വഹിക്കാൻ ശേഷിയുള്ളതുമായ ഫത്തേ -110 ആണെന്നാണ് കരുതുന്നത്. ഇറാൻ നിർമിച്ച ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലായ ക്വിയാം -1 ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

500 മൈൽ പരിധിയിൽ ആക്രമണം നടത്താൻ ശേഷിയുള്ള ക്വിയാം –1 ന് 750 എൽബി വാർഹെഡുകൾ വഹിക്കാൻ വരെ കഴിയും. ഇറാനിയൻ വിദഗ്ധർ തന്നെ രൂപകൽപ്പന ചെയ്ത, ഹ്രസ്വ-ദൂര, ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് പ്രയോഗിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ ഏത് സ്ഥലത്തുനിന്നും വിക്ഷേപിക്കാൻ കഴിയും. ഈ മിസൈലുകളെല്ലാം പ്രത്യേകമായി നിർമിച്ചിരിക്കുന്നത് മദ്ധ്യപൂർവേഷ്യയിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടാണ്.രണ്ട് മിസൈലുകളും ഇറാനിലെ തബ്രിസ്, കെർമാൻഷാ പ്രവിശ്യകളിൽ നിന്നാണ് വിക്ഷേപിച്ചത്. ഇറാനിൽ നിന്നാണ് ഈ മിസൈലുകൾ വിക്ഷേപിച്ചതെന്ന് യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ജോനാഥൻ ഹോഫ്മാൻ പറഞ്ഞു.

ആക്രമണം സ്ഥിരീകരിച്ച പ്രസിഡന്റ് ട്രംപ് നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്ന് അറിയിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി പോെപയോ ഇറാഖ് , കുര്‍ദിസ്ഥാന്‍ പ്രധാനമന്ത്രിമാരെ വിളിച്ച് ചര്‍ച്ച നടത്തി. ഇറാഖിലുളള സൈനികര്‍ സുരക്ഷിതരാണെന്ന് ജര്‍മനിയും ഓസ്്ട്രേലിയയും ന്യൂസിലന്‍ഡും വ്യക്തമാക്കി. സംഘര്‍ഷ ഭീതി നിറഞ്ഞതോടെ അമേരിക്കന്‍ വിമാനക്കമ്പനികളോട് ഗള്‍ഫ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അമേരിക്കന്‍ വ്യോമയാന അതോറിറ്റി നിര്‍ദേശം നല്‍കി. ആക്രമണം പ്രതികാരമാണെന്ന് വെളിപ്പെടുത്തിയ ഇറാന്‍ രണ്ടാം വട്ട ആക്രമണം തുടങ്ങിയെന്നും അവകാശപ്പെട്ടു. ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കമാത്രമാകും ഉത്തരവാദിയെന്ന് ഇറാന്‍ മുന്നറയിപ്പ് നല്‍കി.

ഇറാനെതിരെ നീങ്ങരുതെന്ന് അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പുണ്ട്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയാണ് സൈനികതാവളം ആക്രമിച്ചത്. പ്രസിഡന്റ് ട്രംപ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. എല്ലാം നന്നായി പോകുന്നെന്ന് ട്വീറ്റ് ചെയ്ത ട്രംപ് നാളെ പ്രസ്താവന നടത്തുമെന്നും അറിയിച്ചു. അമേരിക്കന്‍ സൈന്യം ഏറ്റവും ശക്തരെന്ന് മുന്നറിയിപ്പ് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. ആക്രമണം ഉണ്ടായതിന്പിന്നാലെ വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാര്‍ വൈറ്റ് ഹൗസിലെത്തി ട്രംപിനെ വിവരങ്ങള്‍ ധരിപ്പിച്ചു.

അതിനിടെ, ഇറാന്‍ തലസ്ഥാനമായ ടെഹ്്റാനില്‍ യുക്രെയ്‍ന്‍ വിമാനം തകര്‍ന്നുവീണ് 170 പേര്‍ മരിച്ചു. രാവിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനാണ് ബോയിങ് 737 വിമാനം റഡാഡില്‍ നിന്ന് അപ്രത്യക്ഷമായത്. യന്ത്രത്തകരാറാണ് അപകടകാരണമെന്ന് ഇറാന്‍ ദേശീയ ടെലിവിഷന്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല. വിമാനം തീപിടിച്ച് വീഴുന്ന ദൃശ്യങ്ങള്‍ ട്വിറ്റര്‍ വഴി പുറത്തുവന്നു. ഇറാന്‍ പുലര്‍ച്ചെഇറാഖില്‍ മിസൈല്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ വിമാനാപകത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍‌ ഉയര്‍ന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് യുക്രെയ്ന്‍ പ്രതികരിച്ചിട്ടില്ല.

ഇന്ത്യന്‍ വിമാനങ്ങള്‍ ഇറാന്‍, ഇറാഖ് വ്യോമപാത ഒഴിവാക്കണമെന്ന് നിര്‍ദേശം. ഇറാഖിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദേശകാര്യ മന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കി. യാത്രകള്‍ ഒഴിവാക്കണമെന്നും ആവശ്യമെങ്കില്‍ എംബസിയുടെ സഹായം തേടണമെന്നും നിര്‍ദേശമുണ്ട്.