ടെഹ്‌റാന്‍: ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ ഒട്ടേറെപ്പേര്‍ മരിച്ചു. ഇന്നലെ രാത്രി പ്രാദേശിക സമയം 9.20നുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകകേന്ദ്രം ഇറാഖിലെ കുര്‍ദിസ്ഥാനിലെ സല്‍മാനിയയിലാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. കുവൈറ്റ്, യുഎഇ, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു.

ഇറാനിലെ കെര്‍മാന്‍ഷാ പ്രവിശ്യയില്‍ മാത്രം 129 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കടിയില്‍ ആളുകള്‍ പെടാന്‍ സാധ്യതയുള്ളതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നുളള എട്ട് ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സര്‍പോളെ സഹാബ് എന്ന ഗ്രാമത്തിലാണ് കൂടുതലാളുകള്‍ മരിച്ചത്.

മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്. കുവൈറ്റില്‍ അനുഭവപ്പെട്ട് ഭൂചലനം മൂന്ന് മിനിറ്റോളം നീണ്ടുനിന്നതായി ജനങ്ങള്‍ പറയുന്നു. കെട്ടിടങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയായിരുന്നു. കുവൈറ്റിലെ അബ്ബാസിയ, സാമിയ, മങ്കഫ് എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും തീവ്രത അനുഭവപ്പെട്ടത്.