ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം നിലവില്‍ 18 ആണ്. എന്നാല്‍ രാജ്യത്തെ നിയമമന്ത്രാലയം വിവാദമായ ഒരു ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നിരിക്കുകയാണിപ്പോള്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍ നിന്ന് ഒന്‍പതിലേക്ക് കുറയ്ക്കാനാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. ആണ്‍കുട്ടികളുടേത് 15 ആയി കുറയ്ക്കാനും. 1959 മുതല്‍ രാജ്യം പിന്തുടര്‍ന്നുപോരുന്ന പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ ഭേദഗതി ചെയ്താണ് പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുന്നത്.

ബില്‍ പാസ്സാവുകയാണെങ്കില്‍ പെണ്‍കുട്ടികളെ ഒന്‍പതാം വയസ്സിലും ആണ്‍കുട്ടികളെ 15-ാം വയസ്സിലും വിവാഹം കഴിപ്പിക്കാന്‍ നിയമതടസ്സമുണ്ടാവില്ല. ഇതോടെ ബാലവിവാഹങ്ങളും ചൂഷണങ്ങളും വര്‍ധിക്കുമെന്ന വിമര്‍ശനം രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഉയര്‍ന്നുകഴിഞ്ഞു. സ്ത്രീകളുടെ അവകാശത്തിനും ലിംഗസമത്വത്തിനും രാജ്യം ഇത്രയും നാള്‍കൊണ്ട് നേടിയെടുത്ത നേരിയ വളര്‍ച്ച ഒറ്റയടിക്ക് ഇല്ലാതാകുമെന്ന ആശങ്കയാണ് മനുഷ്യാവകാശ സംഘടനകള്‍ പങ്കുവെക്കുന്നത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ക്ഷേമത്തിനുമെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് കാട്ടി വനിതാസംഘടനകളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും ബില്ലിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങി. ശൈശവവിവാഹം, സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക്, നേരത്തെയുള്ള ഗര്‍ഭധാരണം, ഗാര്‍ഹിക പീഡനം എന്നിവയായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍. യുനിസെഫിന്റെ കണക്കനുസരിച്ച് ഇറാഖില്‍ 28 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിനു മുമ്പേ വിവാഹിതരാവുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ രാജ്യം പുറകിലേക്ക് സഞ്ചരിക്കുമെന്ന് ഹ്യൂമണ്‍ റൈറ്റ് വാച്ച് ആരോപിച്ചു.

ഇസ്ലാമിക നിയമത്തെ ക്രമീകരിക്കാനും ചെറുപ്പക്കാരികളെ ‘അധാര്‍മ്മിക ബന്ധങ്ങളില്‍’ നിന്ന് സംരക്ഷിക്കാനുമാണ് പുതിയ മാറ്റമെന്നാണ് നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. വികലമായ ഈ ന്യായവാദം ശൈശവ വിവാഹത്തിന്റെ കഠിനമായ യാഥാര്‍ഥ്യങ്ങളെ അവഗണിക്കുകയാണ്. എണ്ണമില്ലാത്തത്രയും സ്ത്രീകളുടെ ഭാവിയാണ് പുതിയ നിയമം ഇല്ലാതാക്കുക.

ജൂലായ് അവസാനം വിവാദനിയമം സംബന്ധിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നെങ്കിലും അംഗങ്ങള്‍ എതിര്‍ത്തതോടെ പിന്‍വലിച്ചു. എന്നാല്‍, ചേംബറില്‍ ആധിപത്യമുള്ള ഷിയ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചതിന് ശേഷം ഓഗസ്റ്റ് 4-ന് വീണ്ടും കൊണ്ടുവരികയായിരുന്നു.