ഡബ്ലിന്‍: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി അയര്‍ലന്‍ഡ്. ആറ് ആഴ്ചത്തേക്കാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. തിങ്കളാഴ്ച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ അടച്ചിടല്‍ പ്രഖ്യാപനം നടത്തിയത്.
അവശ്യസേവന വിഭാഗത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമാണ് യാത്രാനുമതി. ഇവര്‍ക്ക് സഞ്ചരിക്കുന്നതിനായി പൊതുഗതാഗതത്തിന് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ 25 ശതമാനം യാത്രക്കാരെ മാത്രമേ വാഹനങ്ങളില്‍ കയറ്റാനാകൂ. വീടിന് അഞ്ചുകിലോമീറ്റര്‍ ദൂരപരിധിയില്‍ വ്യായാമത്തിനായി പോകാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ദൂരപരിധി ലംഘിക്കുന്നവരില്‍ നിന്ന് പിഴയീടാക്കും. അതേസമയം സ്‌കൂളുകളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്‌കൂളുകളും ശിശുപരിപാലന കേന്ദ്രങ്ങളും തുറന്നുപ്രവര്‍ത്തിക്കും. കുട്ടികളുടെയും യുവാക്കളുടെയും ഭാവി ഈ മഹാമാരിയുടെ മറ്റൊരു ഇരയാകുന്നത് അനുവദിക്കാനാവില്ലെന്നാണ് ഇതിന് കാരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
ഒറ്റയക്ക് താമസിക്കുന്നവര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്കായി പ്രത്യേക പരുപാടി സര്‍ക്കാര്‍ നടപ്പാക്കും. സോഷ്യല്‍ ബബിള്‍ എന്ന പരിപാടി പ്രകാരം ഒറ്റക്ക് താമസിക്കുന്നവര്‍ക്ക് ഏതെങ്കിലും ഒരു കുടുംബമായി ഇടപഴകാന്‍ സാധിക്കും. ‘ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ആറ് ആഴ്ചകളില്‍ ഒന്നിച്ച് നില്‍ക്കുകയാണെങ്കില്‍ അര്‍ഥവത്തായ രീതിയില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് അടച്ചിടല്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി പറഞ്ഞു.
Leave a Reply