ഫുകുഷിമ: സുനാമിയില്‍ തകര്‍ന്ന റിയാക്ടറില്‍ നിന്നുണ്ടായ ആണവച്ചോര്‍ച്ച മൂലം ജനങ്ങളെ ഒഴിപ്പിച്ച ഫുകുഷിമയില്‍ വിഹരിക്കുന്ന കാട്ടുപന്നികളെ കൊന്നൊടുക്കുന്നു. അണുവികിരണത്തിനു വിധേയരായ ഇവ മനുഷ്യന് ഹാനികരമാകാനിടയുള്ളതിനാലാണ് നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്. അണു വികിരണത്തേത്തുടര്‍ന്ന് ഫുകുഷിമയും അയല്‍ പ്രദേശങ്ങളും താമസിക്കാന്‍ സാധ്യമല്ലാത്ത പ്രദേശമായി പ്രഖ്യാപിക്കുകയും ഒഴിപ്പിക്കുകയുമായിരുന്നു. പ്രകോപിതരായാല്‍ മനുഷ്യരെ ആക്രമിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ കാട്ടുപന്നികള്‍ ഇതോടെ ഈ പ്രദേശം കയ്യടക്കുകയായിരുന്നു.
ജനങ്ങളില്ലാത്ത ഫുകുഷിമയില്‍ ആഹാരം തേടി അലഞ്ഞു നടക്കുന്ന ഇവ ഇപ്പോള്‍ ഒരു സ്ഥിരം കാഴ്ചയാണ്. ഫുകുഷിമയിലെ നാമീ എന്ന പ്രദേശത്തേക്ക് ഈ മാസം അവസാനത്തോടെ ജനങ്ങളെ തിരികെ കൊണ്ടുവരാനിരിക്കെയാണ് പന്നികള്‍ ഭീഷണിയായി മാറുന്നത്. ജനങ്ങള്‍ എത്തുന്നതിനു മുമ്പായി പന്നികളെ മാറ്റിയില്ലെങ്കില്‍ വികിരണമേറ്റ ഇവ ജനങ്ങള്‍ക്ക് ഭീഷണിയായേക്കുമെന്ന് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ പന്നികളെ പിടികൂടി വെടിവെച്ച് കൊല്ലുന്ന പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്.
തകര്‍ന്ന ആണവനിലയത്തിന് 2.5 കിലോമീറ്റര്‍ മാത്രം അകലെയുള്ള നാമീയിലേക്കും മറ്റു മൂന്നു പട്ടണങ്ങളിലേക്കും ജനങ്ങളെ തിരികെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പന്നികളെ പിടികൂടി കൊന്നൊടുക്കാനായി 13 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ 300 പന്നികളെ ഇവര്‍ കൊന്നൊടുക്കിയെന്നാണ് കണക്ക്.