ആസന്നമായ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ 85 സീറ്റുകളിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഐഎം മത്സരിക്കുന്നത്. 83 സീറ്റുകളിൽ മത്സരിക്കാനുള്ള സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ സിപിഎം ഇലക്ഷൻ പ്രചരണത്തിൽ ഇതിനോടകം മുൻകൈ നേടിക്കഴിഞ്ഞു. 32 ഓളം സീറ്റുകളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയ സിപിഎമ്മിൻെറ സ്ഥാനാർത്ഥിപട്ടിക പലതരത്തിലുള്ള ചോദ്യങ്ങളും ഉയർത്തുന്നതാണ്. ഭരണനേതൃത്വവും, പാർട്ടിനേതൃത്വവും കൈപിടിയിലാക്കിയ പിണറായി വിജയൻെറ സമഗ്രാധിപത്യത്തിലേയ്ക്ക് കേരളാ പാർട്ടി ഘടകം പോകുന്നതിൻെറ സൂചനകളാണ് സിപിഎംമിൻെറ സ്ഥാനാർത്ഥി പട്ടിക നൽകുന്നത്.

പരിചയ സമ്പന്നരും, മുതിർന്നവരുമായ എല്ലാ നേതാക്കന്മാരെയും വെട്ടി നിരത്തിയ സ്ഥാനാർത്ഥിപ്പട്ടികയിൽ പിണറായി വിജയൻറെ നേതൃത്വത്തിന് ഭാവിയിൽ ഉയരാവുന്ന ചെറിയ ഭീഷണികൾ പോലും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ദേശീയ പാർട്ടികൾക്കും എപ്പോഴും ഒരു പ്ലാൻ ബി ഉണ്ടായിരിക്കും. എന്നാൽ ലാവ് ലിൻ കേസിലോ, ഭാവിയിൽ ഉയരാവുന്ന എന്തെങ്കിലും വിവാദങ്ങളിലോ പിണറായി വിജയൻ ഉൾപ്പെട്ടാൽ സിപിഎമ്മിൻെറ മുൻപിൽ മറ്റൊരു പോംവഴി സങ്കീർണ്ണമാകുന്ന വിധത്തിലാണ് സ്ഥാനാർഥിപ്പട്ടിക.

പുതുമുഖങ്ങളെ ഉൾപ്പെടുത്താനും രണ്ടു തവണയിൽ കൂടുതൽ മത്സരിച്ചവർക്ക് അവസരം നിഷേധിക്കാനും ചൂണ്ടിക്കാട്ടിയത് ബംഗാളിലെ പാർട്ടിയുടെ അപചയമാണ്. രണ്ടാം നേതൃത്വം വളർത്തിക്കൊണ്ടു വരാത്തതാണ് ബംഗാൾ ഘടകത്തിൻെറ ന്യൂനതയായി പിണറായി തന്നെ ചൂണ്ടിക്കാട്ടിയത്. എന്നാൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയെങ്കിലും പിണറായിക്ക് പിൻഗാമിയാകാൻ സാധ്യതയുണ്ടായിരുന്ന നേതാക്കളെല്ലാം അപ്രസക്തരാകുകയോ, ഒതുക്കപ്പെടുകയോ ചെയ്തതിലൂടെ ബംഗാൾ കേരളത്തിൽ ആവർത്തിക്കാനുള്ള സാധ്യതയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. നിരവധി വിവാദങ്ങളിൽ ചെന്ന് ചാടുകയും ജനങ്ങൾക്ക് അപ്രാപ്യനായിരുന്നും എന്ന പരാതി കേൾപ്പിക്കുകയും ചെയ്ത മുകേഷിനെ പോലുള്ളവർക്ക് സീറ്റ് ലഭിച്ചപ്പോൾ ആശയത്തെയും പ്രസ്ഥാനത്തെയും നെഞ്ചോട് ചേർത്ത് ഒരായുസ്സ് മുഴുവൻ പാർട്ടിക്കായി നൽകിയ പി. ജയരാജനെ പോലുള്ളവർ തഴയപ്പെട്ടു. പൊതു പ്രവർത്തനത്തിൽ നിന്ന് ഒരു ചായ പോലും വാങ്ങി കുടിക്കാത്ത പി. കെ. ഗുരുദാസൻെറ പിൻഗാമിയായാണ് മുകേഷ് നിയമസഭാ സാമാജികനായത് എന്നത് വിരോധാഭാസമാണ്. കോൺഗ്രസ്, മുസ്ലിംലീഗ് തുടങ്ങിയ പാർട്ടികളുടെ മുൻ ഭാരവാഹികൾക്കായി ആറോളം സീറ്റുകൾ മാറ്റിവച്ച സിപിഎമ്മിനെ സ്വന്തം പാർട്ടിയുടെ ഒരു തലയെടുപ്പുള്ള നേതാവിനായി ഒരു നിയമസഭാമണ്ഡലം കണ്ടെത്താൻ സാധിക്കാത്തതിൽ വളരെയേറെ ദുരൂഹതയുണ്ട്. പിണറായിയുടെ നേതൃത്വം സുരക്ഷിതം ആകുമ്പോൾ പാർട്ടിയുടെ ഭാവി ഇരുളടയുകയാണ്