അനുജ സജീവ്
പെന്തകോസ്തു സഭയുടെ വർക്ക്ഷിപ്പ് സെന്ററിൽ നിന്നും ഉച്ചത്തിലുയരുന്ന ശബ്ദം കേട്ടാണ് രാവിലെ ഉണരുന്നത്. ഈ ശബ്ദം കേടിട്ടാവണം എന്നു തോന്നുന്നു എന്റെ പട്ടിക്കുട്ടൻ വല്ലാതെ കുരയ്ക്കുന്നുണ്ട് . കതകുതുറന്നു അവന്റെ അടുത്തേക്ക് ചെന്നപ്പോളാണ് പേടിച്ചരണ്ട് നിൽക്കുന്ന അവനെ കാണുന്നത്.
” എന്തു പറ്റിയെടാ….. ”
അവനെ തലോടിയപ്പോൾ എന്റെ അടുത്തേക്ക് വിറച്ചുകൊണ്ട് മാറി നിന്നു. വർക്ക്ഷിപ്പ് സെന്ററിൽ നിന്നുള്ള ശബ്ദം വീണ്ടും ഉയർന്നു.
എന്തു പാവമാണ് എന്റെ പട്ടിക്കുട്ടൻ
കഴിഞ്ഞയാഴ്ച സംഭവിച്ച ഇരുപത്തിയേഴാമത്തെ കൊലപാതകത്തിന് സാക്ഷിയായതിന്റെ ഞെട്ടലിൽ നിന്നും ഞാൻ ഇതുവരെ മുക്തയായിട്ടില്ല. ഇതുവരെ നടന്നതിൽ വച്ച് എറ്റവും ബ്രൂട്ടലായ കൊലപാതകം. ഞാൻ തലയ്ക്ക് കൈകൊടുത്തു മിണ്ടാതെയിരുന്നു. മനസ്സ് ആകെ മരവിച്ചുപോയി.
വീർത്തമുഖവും ഉണ്ടക്കണ്ണുകളുമായി പാത്തുപതുങ്ങിവരുന്ന ഒരു കണ്ടൻ പൂച്ചയാണ് കഥാപാത്രം. ബ്രഹ്മരക്ഷസ്സ് എന്ന പേരിൽ നാട്ടിൽ പ്രമുഖൻ. പട്ടിക്കുട്ടന്റെ പാത്രത്തിൽ ഇട്ടിരിക്കുന്ന ആഹാരമാണ് അവന്റെ ലക്ഷ്യം. മിട്ടു നല്ല ഉറക്കത്തിലാണ്….. പൂച്ച വന്നതും ഉറക്കത്തിൽ നിന്നും അവൻ ഉണർന്നു. പൂച്ചയ്ക്കുനേരെ കുരച്ചുകൊണ്ട് ഒറ്റചാട്ടം പിന്നീട് ഒരു യുദ്ധമായിരുന്നു. ഇത് ഒരു പതിവു കലാപരിപാടിയായി മാറി. പൂച്ചയുടെ വരവ് മിട്ടുവിന്റെ മനസ്സമാധാനത്തോടെയുള്ള ഉറക്കത്തിനുഭംഗം വരുത്താൻ തുടങ്ങി. ബ്രഹ്മരക്ഷസ്സിന്റെ ആക്രമണം അവന്റെ മുഖത്തും കണ്ണുകൾക്കും ഉണ്ടാക്കുന്ന ക്ഷതങ്ങൾ പകയുടെ കടുത്തരോക്ഷം അവന്റെ മനസ്സിൽ നിറച്ചു. അത് പൂച്ചവംശത്തിനുതന്നെ കേടുവരുത്തുമെന്ന് അന്നൊന്നും അറിഞ്ഞില്ല.
രാവിലെ മുറ്റത്തു ചത്തുകിടക്കുന്ന വലിയ ഒരു പൂച്ചയെയാണ് കണികാണുന്നത്. വീർത്തിട്ടുണ്ട് , തിരിച്ചും മറിച്ചുമിട്ടുനോക്കിയപ്പോൾ ഒരു അടയാളങ്ങളും ദേഹത്തില്ല. എന്തു പറ്റിയതാണ് ഈ പൂച്ചയ്ക്ക് ?.
അയൽവാസികൾ പറഞ്ഞപ്പോഴാണ് പൂച്ചയെ പട്ടി പിടിച്ചതാണ് എന്നു മനസ്സിലായത്. ഒരു ഭാവഭേദവുമില്ലാതെ കസേരയിൽ കിടന്നുറങ്ങുന്ന മിട്ടുവിന്റെ നേരെ സംശയത്തിന്റെ ആദ്യ നിഴൽ പതിഞ്ഞു.
എന്റെ ബാല്യകാലത്ത് പൂച്ചകൾ ചത്താൽ (ചത്താൽ എന്നു പ്രയോഗിക്കുകയില്ല….. മരിച്ചാൽ എന്നായിരിക്കും) ശവസംസ്കാരം വളരെ ഉപചാരപൂർവ്വം നടത്തുമായിരുന്നു. പൂക്കൾ കൊണ്ട് കുഴിമാടം അലങ്കരിക്കും. കുഴിമൂടിക്കഴിഞ്ഞാൽ പൂക്കൾ നിരത്തും. പിന്നെ കൂറെ കണ്ണുനീരും.
പതിവു തെറ്റിക്കാതെ ഒരു ചെറിയ കുഴിയെടുത്തു. ശവസംസ്കാരം നടത്തുന്നതിനായി പൂച്ചയെ എടുത്തു കുഴിയിലിട്ടു. ഇട്ടുകഴിഞ്ഞപ്പോളാണ് മനസ്സിലായത് കുഴിയുടെ ആഴം പൂച്ചയ്ക്ക് അനുയോജ്യമല്ല എന്നത്. സമയം കഴിയുംതോറും അത്രയ്ക്ക് അത് വീർത്തിട്ടുണ്ടായിരുന്നു. ചുരുട്ടികൂട്ടി കൂറെ മണ്ണും കൂടി വശങ്ങളിൽ നിന്നും വെട്ടിയെടുത്ത് ഒരു വിധത്തിൽ കുഴി മൂടി. കണ്ണിൽ കണ്ട കുറച്ചു പൂക്കൾ പറിച്ചു കുഴിമാടത്തിൽ വച്ചു. പിന്നീട് പലപ്പോഴായി ചത്ത പൂച്ചകൾ വീടിന്റെ കോംപൗണ്ടിനുള്ളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ബ്രഹ്മരക്ഷസ്സിന്റെ വരവും പോക്കും ആക്രമണവും നടക്കുന്നുണ്ട് . അതിനനുസരിച്ച് ചത്ത പൂച്ചകളുടെ എണ്ണവും ഏറി വരുന്നു.
മിട്ടുവിന്റെ ഏഴാമത്തെ കൊലപാതകം ഒരു റീൽ ആയി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ്. കസേരയിൽ പതിവു പോലെ “”ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ” എന്ന മന്ത്രവുമായി മിട്ടുവിന്റെ മയക്കം. ഏഴിൽ നിന്നും ഇരുപത്തിയേഴിലേയ്ക്കുള്ള നീണ്ട യാത്ര എന്റെയുള്ളിലാണ് കുറ്റബോധത്തിന്റെ ആഴം കൂട്ടുന്നത്. കാരണം അവന്റെ അമ്മ ഞാനാണല്ലോ!!.. …
വീട്ടിലെത്തിയ ഒരു കുറിഞ്ഞിപൂച്ചയെ ആഹാരം കൊടുത്തുമയക്കി എന്നോടടുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുപത്തിയേഴാമത്തേത്.
“”മിട്ടുവിനെ ഞാനിനി വിഷം കൊടുത്തു കൊല്ലും. ചോരയൊലിപ്പിച്ചു നിൽക്കുന്ന അവന്റെ മുഖത്തേക്ക് വെള്ളം കോരിയൊഴിച്ചു ആക്രോശിക്കുമ്പോൾ കുറിഞ്ഞി പൂച്ച ഒരു ദുഃഖപുത്രിയായി പിടയുകയായിരുന്നു.
ഈ കൊലപാതകങ്ങൾ നടത്തിയ ആളാണ് ഒരു മൈക്കിന്റെ സൗണ്ട് കേട്ടുനിന്നു വിറയ്ക്കുന്നത്. ചെവിയിൽ പിടിച്ചുതിരിച്ചുകൊണ്ട് അവനോടത് ചോദിച്ചപ്പോൾ അരുമമുഖം എന്നോട് ചേർത്തുവച്ച് നിൽക്കുകയാണ് അവൻ. ഞാൻ വെറുമൊരു നിരപരാധിയാണമ്മേ….. എന്നു പറയുന്നപോലെ.
അനുജ സജീവ് : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
Leave a Reply