ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ പ്രാദേശിക ലോക്ക്ഡൗൺ നടപ്പിലായിരുന്ന സമയത്തെ അപേക്ഷിച്ച് ഇപ്പോൾ കേസുകൾ ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 40,000 ആയി ഉയർന്നു. വാക്സിൻ വിതരണം കാരണം രോഗം ഗുരുതരമാകുന്നില്ലയെന്നത് ആശ്വാസത്തിന് ഇട നൽകുന്നുണ്ട്. ജൂലൈ മുതൽ തിരക്കേറിയ ഇൻഡോർ പബ്ലിക് ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് യുകെയിൽ നിർബന്ധമല്ലാതാക്കിയിരുന്നു. തുടർന്ന് തിരക്കേറിയ സൂപ്പർമാർക്കറ്റിലും, ട്രെയിനിലും, ബസുകളിലും മാസ്‌കില്ലാതെയാണ് ആളുകളെത്തുന്നത്. രോഗ വ്യാപനം ഉയരുമ്പോഴും മാസ്‌ക് ധരിക്കാതെയാണ് ആളുകൾ പുറത്തിറങ്ങുന്നത്. പൊതുജനങ്ങൾക്ക് ഇടയിൽ വൈറസ് പകരുന്നത് തടയാൻ ഫെയ്സ് മാസ്കുകൾ സഹായിക്കുമെന്ന് പഠനം തെളിയിച്ചുണ്ട്.

അതേസമയം ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ ഒരു സർവേ പ്രകാരം സ്വീഡനിലും നെതർലാൻഡിലുമുള്ള ആളുകൾ യുകെയിലെ ജനങ്ങളുടെ അത്രപോലും മാസ്ക് ധരിക്കുന്നില്ലെങ്കിലും അവിടെ കേസുകൾ ഉയരുന്നില്ല. അതിനാൽ രാജ്യത്ത് പ്രതിദിനം കേസുകൾ വർധിക്കുന്നതിന്റെ കാരണം മാസ്ക് ധരിക്കാത്തത് മാത്രമാണെന്ന് പറയാൻ കഴിയില്ല. സ്കോട്ട്ലൻഡ് സർക്കാർ ഇപ്പോഴും വീടിനകത്ത് മാസ്കുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇംഗ്ലണ്ടിൽ അത് നിർബന്ധമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവന്നപ്പോൾ പൊതുജന സമ്പർക്കം കൂടി. പടിഞ്ഞാറൻ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെ പല നിയന്ത്രണങ്ങളും ഇളവ് ചെയ്തു. രാത്രി ക്ലബ്ബുകളിൽ പോകാനും പരിധിയില്ലാത്ത ഒത്തുചേരലുകളിൽ പങ്കെടുക്കാനും വളരെ നേരത്തെ തന്നെ അനുവാദം നൽകിയിരുന്നു. വ്യക്തിപരമായി ജോലിക്ക് പോകുന്ന ജീവനക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

വാക്സിൻ പുറത്തിറക്കുന്നതിലും വിതരണം ചെയ്യുന്നതിലും യുകെ മുന്നിട്ടു നിന്നു. എന്നാൽ അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷം വാക്സിൻ സംരക്ഷണം ഗണ്യമായി കുറയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുകെയിലെ പ്രായമായ ആളുകൾക്ക് ഇപ്പോൾ ബൂസ്റ്റർ ഡോസുകൾ നൽകുന്നുണ്ട്. ഒക്ടോബർ 17 ഓടെ 37 ലക്ഷം ഡോസുകൾ ഇംഗ്ലണ്ടിൽ നൽകിയിരുന്നു. യുകെയുടെ വാക്സിൻ റോൾഔട്ട് ഇക്കഴിഞ്ഞ മാസങ്ങളിൽ ഇഴഞ്ഞാണ് നീങ്ങിയത്. കേസുകൾ, ആശുപത്രിവാസം, മരണം എന്നിവ തടയാൻ വാക്സിനേഷൻ പ്രോഗ്രാം സഹായിച്ചിട്ടുണ്ടെന്നു സർക്കാർ വ്യക്തമാക്കുന്നു. ശീതകാലത്തോട് അടുക്കുമ്പോൾ അധിക സുരക്ഷ ഉറപ്പാക്കാനായി ബൂസ്റ്റർ ഡോസിന് അർഹരായവർ മുന്നോട്ട് വരണമെന്ന് സർക്കാർ അറിയിച്ചു. യുകെയിൽ 12-15 വയസ്സുള്ള കുട്ടികൾക്കുള്ള കുത്തിവയ്പ്പ് സെപ്റ്റംബർ 20 ന് ആരംഭിച്ചു. ഇതുവരെ, ഇംഗ്ലണ്ടിലെ 12-15 വയസ് പ്രായമുള്ളവരിൽ 15% പേർക്ക് ആദ്യ ഡോസ് ലഭിച്ചിട്ടുണ്ട്. ശീതകാലം എത്തുമ്പോൾ കോവിഡ് കേസുകൾ വർദ്ധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ കൂടുതൽ പ്രതിരോധ മാർഗങ്ങൾ മുന്നിൽ കണ്ട് സർക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.