ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നേഴ്സുമാർക്ക് ശമ്പള വർധന നൽകാൻ സർക്കാർ തീരുമാനം. നേഴ്‌സുമാർ, പാരാമെഡിക്സ്, മിഡ്‌വൈഫ്‌സ് എന്നിവരുൾപ്പെടെ പത്തു ലക്ഷത്തിലധികം എൻ എച്ച് എസ് ജീവനക്കാർക്ക് 1,400 പൗണ്ട് ശമ്പള വർധന ലഭിക്കും. യോഗ്യരായ ദന്തഡോക്ടർമാർക്കും ഡോക്ടർമാർക്കും 4.5% ശമ്പള വർധന ലഭിക്കും. എൻഎച്ച്എസ് പേ റിവ്യൂ ബോഡികളിൽ നിന്നുള്ള ശുപാർശകൾ പൂർണമായി സ്വീകരിച്ചെന്ന് സർക്കാർ പറയുന്നു. ശുചീകരണ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെ ഏറ്റവും കുറഞ്ഞ വരുമാനമുള്ളവർക്ക് 9.3% വരെ വർധന ലഭിക്കും.

പുതിയ തീരുമാനത്തിലൂടെ നേഴ്‌സുമാരുടെ ശരാശരി അടിസ്ഥാന ശമ്പളം 35,600 പൗണ്ടിൽ നിന്ന് ഏകദേശം 37,000 പൗണ്ടായി ഉയരും. ഒപ്പം, പുതിയ നഴ്‌സുമാരുടെ അടിസ്ഥാന വേതനം 5.5% വർദ്ധിക്കും. കഴിഞ്ഞ വർഷത്തെ 25,655 പൗണ്ടിൽ നിന്ന് 27,055 പൗണ്ടായി ഉയരുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. അതേസമയം, പണപെരുപ്പ തോത് 9.1 ശതമാനത്തിൽ എത്തി നിൽക്കുമ്പോൾ ഈ ശമ്പള വർധന അപര്യാപ്തമാണെന്ന് യൂണിയനുകൾ പ്രതികരിച്ചു.

ഇംഗ്ലണ്ടിലെ അധ്യാപകർക്ക് 5% മുതൽ 8.9% വരെ ശമ്പള വർധനയും യുകെയിലുടനീളമുള്ള സായുധ സേനയിലെ അംഗങ്ങൾക്ക് 3.75% വർധനയും നൽകിയിട്ടുണ്ട്. വിലക്കയറ്റത്തിന് അനുസൃതമായി ശമ്പളം ഉയർത്തില്ലെന്നും അങ്ങനെ ചെയ്താൽ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നാണ് മന്ത്രിമാരുടെ വാദം. പണപെരുപ്പത്തിന് താഴെയുള്ള വർധന, ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് തുല്യമാണെന്ന് യുണൈറ്റഡ് യൂണിയൻ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം ആരോപിച്ചു. ആയിരക്കണക്കിന് നേഴ്‌സിംഗ് തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. അത്തരം ഒരു സാഹചര്യത്തിലും വസ്തുതകള്‍ പരിഗണിക്കാതെ സര്‍ക്കാര്‍ കൈകൊള്ളുന്ന തീരുമാനങ്ങള്‍ നേഴ്സുമാരെ പ്രതിസന്ധിയിലാക്കുന്നു.