മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍ : കുഞ്ചെറിയാ മാത്യു
നീണ്ട മൂന്ന് ദശകങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഹിമയുഗം ബ്രിട്ടനെ സമീപിക്കുന്നെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ ഗവേഷകര്‍. ബ്രിട്ടണിലെയും റഷ്യയിലെയും കാലാവസ്ഥാ ഗവേഷകരുടെ നിഗമനം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഹിമയുഗത്തോട് താരതമ്യം ചെയ്യാവുന്നതോ, അതിന്റെ ചെറിയ പതിപ്പോ ആയ കാലാവസ്ഥാമാറ്റം ബ്രിട്ടണില്‍ സംഭവിക്കുമെന്നാണ്. 2021ല്‍ ആരംഭിക്കുന്ന ഹിമയുഗം കുറഞ്ഞത് പിന്നീടുള്ള 30 വര്‍ഷത്തോളം ബ്രിട്ടണിലെ ജീവജാലങ്ങളിലും കാലാവസ്ഥയിലും ശക്തമായ സ്വാധീനം ചെലുത്തും. ഹിമയുഗത്തിന്റെ കാഠിന്യം ഏറ്റവും അനുഭവപ്പെടുക 2030നോടനുബന്ധിച്ചായിരിക്കും. 2045 ആകുമ്പോഴേയ്ക്ക് ഹിമയുഗത്തിന്റെ സ്വാധീനവും മഞ്ഞിന്റെ അളവിലും സാരമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഹിമയുഗത്തില്‍ നദികളും തടാകങ്ങളും ഉറഞ്ഞു പോകാന്‍ സാധ്യതയുണ്ട്. ഇതിനുമുമ്പ് ഭൂമിയില്‍ ഹിമയുഗം ഉണ്ടായിട്ടുളളത് 16-ാം നൂറ്റാണ്ടില്‍ കാനഡയിലാണ്. 1645-ല്‍ ആരംഭിച്ച ഹിമയുഗം ഏതാണ്ട് 70 വര്‍ഷത്തോളം നീണ്ടുനിന്നു.
ഇത്തരത്തില്‍ ഹിമയുഗത്തിന് കാരണമാകുന്നത് സൂര്യനില്‍ നിന്നുള്ള കാന്തിക തരംഗങ്ങളിലുണ്ടാകുന്ന കുറവാണ്. സൂര്യനില്‍ നിന്നുള്ള കാന്തിക തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനമാണ് ഹിമയുഗത്തിന്റെ വരവിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. കാലാവസ്ഥാ പഠനങ്ങളില്‍ സൂര്യനില്‍ നിന്നുള്ള കാന്തിക തരംഗങ്ങളുടെ പ്രാധാന്യം വലുതാണ്. കാന്തിക തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ 97 ശതമാനം വരെ ശരിയാണെന്നാണ് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. അതേസമയം ആഗോള താപനത്തിലുള്ള വര്‍ധനവ് മൂലം ഹിമയുഗത്തിന്റെ കാഠിന്യം കുറഞ്ഞേക്കാന്‍ സാധ്യതയുണ്ട്. പക്ഷേ പരിസ്ഥിതിക്കും ഭൂമിക്കും ആഗോള താപനത്തിലുണ്ടാകുന്ന ചെറിയ വര്‍ധനവ് പോലും വലിയ വെല്ലുവിളിയാകും.
ബ്രിട്ടന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കഠിനമായ ശൈത്യകാലം 1962-63 കാലഘട്ടത്തിലാണ്. അന്ന് ബ്രിട്ടണിലെ നദികളും തടാകങ്ങളും ഉറഞ്ഞു പോയിരുന്നു. ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ 20 അടി വരെ മഞ്ഞ് പെയ്ത ശൈത്യകാലത്ത് അത് ഉരുകി പോകാന്‍ 2 മാസം വരെ സമയമെടുത്തു. മൈനസ് 20 വരെ ചൂട് രേഖപ്പെടുത്തിയ കാലാവസ്ഥയില്‍ ജനങ്ങള്‍ വലഞ്ഞു. നമ്മളില്‍ പലരും ഗാരേജില്‍ സൂക്ഷിച്ചിരിക്കുന്ന ഫ്രീസര്‍ മൈനസ് 15ല്‍ താഴെ പ്രവര്‍ത്തിക്കില്ലെന്ന് മനസിലാക്കുമ്പോഴാണ് തണുപ്പിന്റെ കാഠിന്യം മനസിലാക്കുക. 1962-63 ലെ ശൈത്യകാലത്തെ ”ബിഗ് ഫ്രീസ് ഓഫ് 1963” എന്നാണ് അറിയപ്പെടുന്നത്. 1739-40ലെ ശൈത്യം കാഠിന്യം ആയിരുന്നെങ്കിലും ആ കാലഘട്ടത്തിലെ കാലാവസ്ഥാ വിവരങ്ങള്‍ കാര്യമായി ലഭ്യമല്ല.
ബ്രിട്ടണില്‍ കുടിയേറിയ മലയാളികളില്‍ ഭൂരിഭാഗവും വളരെ ചൂടേറിയ കാലാവസ്ഥയില്‍ ജനിച്ച് ജീവിച്ചതിനുശേഷം 25 വയസ്സിനും 30 വയസ്സിനുമിടയില്‍ കുടിയേറിയവരാണ്. ബ്രിട്ടണിലെ തണുപ്പേറിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പ്രവാസി മലയാളികള്‍ക്ക് പല പരിമിതികളുമുണ്ട്. മധേവയസ്സിനോടടുക്കുന്തോറും തണുപ്പു മൂലമുള്ള ശാരീരികാസ്വാസ്ഥതകള്‍ മലയാളികളില്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ബ്രിട്ടണില്‍ ഹിമയുഗത്തിന്റെ ചെറിയ പതിപ്പെങ്കിലും ഉണ്ടാവുകയാണെങ്കില്‍ മലയാളികളുടെ വാര്‍ധക്യം ക്ലേശപൂര്‍ണം ആയിരിക്കും.
Leave a Reply