ന്യൂസ് ഡെസ്ക് മലയാളം യുകെ

യാത്രാ ചാർജ് വർധിപ്പിക്കാനുള്ള ഹൈക്കോടതിയുടെ വിധിക്കുശേഷം യുകെ ഉപഭോക്താക്കളിൽനിന്ന് ഉടൻ 20% വാല്യൂ ആഡഡ് ടാക്‌സ് ഈടാക്കാൻ ആരംഭിക്കുമെന്ന് ഊബർ അറിയിച്ചു. യുകെയിലെ സ്വകാര്യ വാടക ടാക്സി ഓപ്പറേറ്റർമാർക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി കരാർ ഉണ്ടാകണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് ഇത്തരത്തിലൊരു നീക്കം. ഈ പുതിയ നീക്കം വ്യവസായത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്ന് അഭിപ്രായമുണ്ട്. കൂടാതെ മറ്റു സ്വകാര്യ വാടക സ്ഥാപനങ്ങളും ഇനിമുതൽവാല്യൂ ആഡഡ് ടാക്‌സ് ഉൾപ്പെടുത്തേണ്ടതായി വന്നേക്കാം. ഊബർ ഡ്രൈവർമാരെ കരാറുകാരായല്ല മറിച്ച് തൊഴിലാളികളായി ആണ് കാണേണ്ടതെന്ന് ഈ വർഷത്തെ പ്രത്യേക കോടതി വിധിയിൽ പറഞ്ഞിരുന്നു. യാത്രക്കാരന് വാഹനത്തിൻറെ ഡ്രൈവറുമായി ഉണ്ടാവുന്ന ഉടമ്പടിക്കു പകരം ബുക്കിംഗ് സ്വീകരിക്കുമ്പോൾ സ്വകാര്യ വാടക ഓപ്പറേറ്ററായ ഊബർ ഡ്രൈവറുമായി ഒരു കരാറിൽ എത്തിച്ചേരണമെന്നും ലോർഡ് ജസ്റ്റിസ് ലെഗട്ട് തൻറെ കോടതിവിധിയിൽ നിർദ്ദേശിച്ചിരുന്നു.

കോടതിയുടെ ഈ വിധിക്കെതിരെ ഊബർ ഹൈക്കോടതിയിൽ അപ്പീലിനായി സമീപിച്ചെങ്കിലും ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച വിധിയെ ശരി വെക്കുകയാണ് ചെയ്തത്. ലണ്ടനിലെ എല്ലാ സ്വകാര്യ ഹയർ ഓപ്പറേറ്റർമാർക്കും ഈ വിധി ബാധകമാണെന്നും സുപ്രീം കോടതിയുടെ വിധി പൂർണമായി പാലിക്കുമെന്നും ഊബറിൻെറ വക്താവ് അറിയിച്ചു. വിധി നടപ്പിലാക്കും എന്നും എല്ലാ ഓപ്പറേറ്റർമാരും കോടതിയുടെ ഈ വിധി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അവരുടെ പ്രവർത്തന രീതിയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം ആവശ്യമാണോ എന്ന് പരിഗണിക്കുന്നതാണെന്നും ലണ്ടനിലെ സ്വകാര്യ ഹയർ ഓപ്പറേറ്റർമാരെ നിയന്ത്രിക്കുന്ന ട്രാൻസ്പോർട്ട് ഫോർ ലണ്ടണിൻെറ വക്താവ് പറഞ്ഞു.