പശ്ചിമ ജർമനിയിലെ സോലിങ്കൻ നഗരത്തിൽ വെള്ളിയാഴ്ച നടന്ന കത്തിയാക്രമണത്തിലെ പ്രതി പിടിയിൽ. അക്രമണത്തിൽ മൂന്ന് പേർ കൊലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 56 ഉം 67ഉം പ്രായമുള്ള പുരുഷൻമാരും 56 വയസുള്ള സ്ത്രീയുമാണ് വെള്ളിയാഴ്ച നടന്ന കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടത്.

അറസ്റ്റിലായ ആളുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. രക്തം പുരണ്ട വസ്ത്രങ്ങളോടെ പ്രതി കീഴടങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കത്തിയാക്രമണം സംബന്ധിച്ച നിർണായക അറസ്റ്റാണ് ശനിയാഴ്ച നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്.

അതേ സമയം കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇസ്‍ലാമിക് സ്റ്റേറ്റിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നഗരത്തിന്റെ 650-ാം വാർഷികം ആഘോഷിക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് ഡൈവേഴ്‌സിറ്റി’ക്കിടെ നടത്തിയ സം​ഗീത നിശയിലായിരുന്നു ആക്രമണം. അക്രമി നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചതായാണ് വിവരം. പലരും ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.