ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പിൽ പകരക്കാരനായെത്തി പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന്റെ രക്ഷകനായ താരമാണ് മുഹമ്മദ് ഷമി. ഭുവനേശ്വർ കുമാറിന് പരുക്കേറ്റതുകൊണ്ടു മാത്രം കളിക്കാൻ അവസരം ലഭിച്ച ഷമി ഒരു ഹാട്രിക് ഉൾപ്പെടെ രണ്ടു മൽസരങ്ങളിൽനിന്ന് ഇതുവരെ നേടിയത് എട്ടു വിക്കറ്റാണ്. പരുക്കും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധി സൃഷ്ടിച്ച നാളുകൾക്കു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് വേദിയിലേക്കുള്ള ഷമിയുടെ ശക്തമായ മടങ്ങിവരവ്. ഭാര്യ ഹസിൻ ജഹാനുമായുള്ള പ്രശ്നങ്ങളാണ് കഴിഞ്ഞ വർഷം ഷമിയെ ഏറ്റവുമധികം ഉലച്ചത്. ഇതോടെ ഒരു ഘട്ടത്തിൽ താരത്തിന്റെ ക്രിക്കറ്റ് കരിയർ തന്നെ ചോദ്യചിഹ്‌നമായതാണ്.
പ്രശ്നങ്ങളെല്ലാം മാറിയെന്നു കരുതിയിരിക്കെ, ഷമിക്കെതിരെ കടുത്ത വിമർശനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ ഹസിൻ ജഹാൻ. ഷമി ടിക് ടോക്ക് അക്കൗണ്ടിൽ പിന്തുടരുന്നതിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹസിൻ ജഹാന്‍ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഷമി നാണം കെട്ടവനാണെന്നും ഒരു മകളുള്ള കാര്യം മറക്കുകയാണെന്നും തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഹസിൻ ജഹാൻ ആരോപിക്കുന്നു.
ഈയിടെയാണ് ഷമി ടിക് ടോക്കിൽ അക്കൗണ്ട് ആരംഭിച്ചത്. നിലവിൽ 97 പേരെയാണ് ഇതിൽ ഷമി ഫോളോ ചെയ്യുന്നത്. എന്നാല്‍, ഇതില്‍ 90 പേരും പെണ്‍കുട്ടികളാണെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്. ‘ഷമി 97 പേരെ ടിക് ടോക്കില്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ അതില്‍ 90 പേരും പെണ്‍കുട്ടികളാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും അദ്ദേഹത്തിന് ഒരു നാണവുമില്ല.’- കുറിപ്പിൽ ഹസിന്‍ വിമർശനമുന്നയിക്കുന്നു. ഷമിയുടെ ടിക് ടോക് അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് വിമർശനം.
ഗാർഹിക പീഡനക്കുറ്റമാരോപിച്ച് ഹസിൻ കഴിഞ്ഞ വർഷം ഷമിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുപ്രകാരം താരത്തിനെതിരെ പൊലീസ് കേസെടുത്തു. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാർത്തകൾ പരന്നിരുന്നു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. ഇതിനിടെ ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായി.
2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ പിന്നീടു കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവർക്കു നൽകാനാണ് ഉത്തരവിട്ടത്.
ഇതിനു പിന്നാലെയാണ് കോഴ ആരോപണം ഉയർത്തിയത്. ഇംഗ്ലണ്ടിൽ വ്യവസായിയായ മുഹമ്മദ് ഭായ് എന്ന വ്യക്തി നൽകിയ പണം പാക്കിസ്ഥാൻകാരി അലിഷ്ബയിൽ നിന്നു സ്വീകരിച്ചതായി ഷമിയുടെയും ഭാര്യയുടെയും ഫോൺ സംഭാഷണത്തിൽനിന്നു സൂചന ലഭിച്ചു. ഇതു കേന്ദ്രീകരിച്ചായിരുന്നു കോഴ ആരോപണത്തിലെ അന്വേഷണം. ഷമിക്കെതിരെ അന്വേഷണം നടത്താൻ ഡൽഹി മുൻ പൊലീസ് കമ്മിഷണർ നീരജ് കുമാറിനെയും ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെയും ബിസിസിഐ ഭരണ സമിതി ചുമതലപ്പെടുത്തിയിരുന്നു. ഇതിൽ നീരജ് കുമാർ നൽകിയ രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷമിക്കെതിരെ തുടർ നടപടികൾ ആവശ്യമില്ലെന്ന് ബിസിസിഐ പിന്നീടു തീരുമാനിച്ചു.
Leave a Reply