ഇന്നലെയും ഒരു ചൂടൻ റൺവിരുന്ന് ക്രിസ്റ്റഫർ ഹെൻറി ഗെയ്ൽ ആരാധകർക്കായി കാത്തുവച്ചിരുന്നു. പോർട്ട് ഓഫ് സ്പെയിനിൽ പെയ്ത മഴയ്ക്കുപോലും അതിന്റെ തീക്ഷ്ണത ശമിപ്പിക്കാനായില്ല! 41 പന്തിൽ 8 ഫോറും 5 സിക്സുമടക്കം 71 റൺസെടുത്തു പുറത്തായപ്പോൾ ബാറ്റിന്റെ കൈപ്പിടിയിൽ ഹെൽമറ്റ് വച്ച് അഭിവാദ്യം ചെയ്താണു യൂണിവേഴ്സൽ ബോസ് മടങ്ങിയത്. ആധുനിക വിൻഡീസ് ക്രിക്കറ്റിൽ അതിഭാവുകത്വവും രസപ്രമാണങ്ങളും താളക്കൊഴുപ്പും എഴുതിച്ചേർത്ത പ്രിയ നായകൻ ഗെയ്‌ലിന്റെ, ജന്മനാട്ടിലെ ഒരുപക്ഷേ അവസാനത്തെ ഏകദിനമായിരുന്നിരിക്കാം ഇത്.

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം പിടിക്കാത്തതിനാൽ ഇനിയൊരു കളിക്കു കൂടി ഗെയ്‌ലിന് അവസരം കിട്ടിയേക്കില്ല. അതുകൊണ്ടുതന്നെയാകണം, നിറകയ്യടിയോടെ ട്രിനിഡാഡിലെ കാണികൾ ഗെയ്‌ലിനെ യാത്രായാക്കിയതും!

പക്ഷേ, പുറത്താകും മുൻപ് ഗെയ്‌ലിന്റെ ബാറ്റിന്റെ ചൂട് ഇന്ത്യൻ പേസർമാർ നന്നായി അറിഞ്ഞു. 1.2 ഓവറിൽ വിൻഡീസ് 8 റൺസെടുത്തു നിൽക്കെ പെയ്ത മഴയിൽ കളി അൽപനേരം തടസ്സപ്പെട്ടിരുന്നു.

വൈകാതെ പുനരാരംഭിച്ച മത്സരത്തെ ചൂടുപിടിപ്പിച്ചത് ഗെ‌യ്‌ലിന്റെ ബൗണ്ടറികളാണ്. മുഹമ്മദ് ഷമി, ഖലീൽ അഹ്മദ് എന്നിവരെ 2 സിക്സ് വീതം പറത്തിയ ഗെയ്ൽ ട്വന്റി20യുടെ ചടുലതയോടെയാണു അടിച്ചുകസറിയത്. ഏകദിനത്തിലെ 54–ാം അർധ സെഞ്ചുറിയോടെ തലയെടുപ്പോടെ ഗെയ്ൽ തിളങ്ങിയപ്പോൾ, വിൻഡീസ് സ്കോർ 9.1 ഓവറിൽ 100 കടന്നു. മറുവശത്ത് എവിൻ ലൂയിസും (29 പന്തിൽ 43) മോശമാക്കിയില്ല.

ഖലീൽ എറിഞ്ഞ പത്താം ഓവറിൽ, ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ക്യാച്ചോടെ ഗെയ്‌ലിന്റെ ഇന്നിങ്സിന് അവസാനമായി. വിക്കറ്റ് നേട്ടത്തിന്റെ തെല്ലിടനേരത്തെ ആഘോഷത്തിനുശേഷം, ഹ്സതദാനത്തോടെ ഇന്ത്യൻ ടീം അംഗങ്ങൾ ഗെയ്‌ലിനെ യാത്രയാക്കി. ഇന്ത്യയ്ക്കെതിരായ പരമ്പര കൂടി കളിക്കാൻ ആഗ്രഹമുണ്ടെന്നു ലോകകപ്പിനിടെ ഗെയ്ൽ പ്രഖ്യാപിച്ചിരുന്നു.

ഷായ് ഹോപ് (19), ഷിമ്രോൺ ഹെറ്റ്മയർ (18) എന്നിവരാണു മത്സരം നിർത്തിവച്ചപ്പോൾ ക്രീസിൽ. യുസ്‌വേന്ദ്ര ചെഹൽ, ഖലീൽ അഹമ്മദ് എന്നിവർ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനം വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ കരിയറിലെ അവസാന രാജ്യാന്തര മൽസരമാകുമോ?

‘ഗെയിലാട്ട’ത്തിന് ഇപ്പോഴും യാതൊരു വാട്ടവുമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച അർധസെഞ്ചുറി പ്രകടനത്തിനൊടുവിൽ പുറത്തായി മടങ്ങുമ്പോൾ ഇന്ത്യൻ താരങ്ങൾ ഗെയ്‌ലിനു നൽകിയ യാത്രയയപ്പാണ് ഇത്തരമൊരു സംശയമുണർത്തുന്നത്. തകർത്തടിച്ച് അർധസെഞ്ചുറി കുറിച്ചപ്പോഴും പുറത്തായി മടങ്ങുമ്പോഴും ഗെയ്ൽ പതിവില്ലാത്ത ‘ആഘോഷം’ നടത്തിയതും വിരമിക്കൽ അഭ്യൂഹങ്ങൾക്ക് കരുത്തു പകരുന്നു. നേരത്തെ, ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് അറിയിച്ചിരുന്ന ഗെയ്‍ൽ, പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഏകദിനത്തിലെ 301–ാം ഏകദിനം കളിക്കുന്ന ഗെയ്‍ൽ, 301–ാം ജഴ്സി നമ്പറുമായാണ് കളത്തിലിറങ്ങിയതും.

മൽസരത്തിലാകെ 41 പന്തുകൾ നേരിട്ട ഗെയ്‍ൽ 72 റൺസെടുത്താണ് പുറത്തായത്. ഇന്ത്യൻ ബോളർമാരെ നിർദ്ദയം പ്രഹരിച്ച ഗെയ്‍ൽ 38–ാം ഏകദിന അർധസെഞ്ചുറിയാണ് പോർട്ട് ഓഫ് സ്പെയിനിൽ കുറിച്ചത്. അർധസെഞ്ചുറിയിലേക്ക് എത്തിയതാകട്ടെ, വെറും 30 പന്തിൽനിന്ന്. അതും ആറു ബൗണ്ടറികളുടെയും നാലു പടുകൂറ്റൻ സിക്സുകളുടെയും അകമ്പടിയോടെ. പുറത്താകുമ്പോഴേയ്ക്കും നേടിയത് എട്ടു ബൗണ്ടറിയും അഞ്ചു സിക്സും. സഹ ഓപ്പണർ എവിൻ ലെവിസിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്താൻ ഗെയ്‍ലിനായി. 6.1 ഓവറിൽ അർധസെഞ്ചുറി പിന്നിട്ട ഗെയ്‍ൽ – ലെവിസ് സഖ്യത്തിന്, അടുത്ത 50 റൺസ് നേടാൻ വേണ്ടിവന്നത് 19 പന്തുകൾ മാത്രം!

ഒടുവിൽ 12–ാം ഓവറിൽ ഖലീൽ അഹമ്മദിന്റെ പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ഉജ്വല ക്യാച്ചിലാണ് ഗെയ്ൽ പുറത്തായത്. അപ്പോഴേയ്ക്കും ആരാധകർക്ക് എക്കാലവും ഓർമിക്കാനുള്ള വക ഗെയ്‍ൽ സമ്മാനിച്ചിരുന്നു. പുറത്തേക്കു നടക്കും മുൻപ് മൈതാനത്തുണ്ടായിരുന്ന ഇന്ത്യൻ താരങ്ങളെല്ലാം ചുറ്റിലുമെത്തി താരത്തെ അനുമോദിച്ചു. ചിലർ പുറത്തുതട്ടിയും മറ്റുചിലർ ആശ്ലേഷിച്ചുമാണ് അവിസ്മരണീയ ഇന്നിങ്സിനൊടുവിൽ ഗെയ്‍ലിനെ യാത്രയാക്കിയത്. സെഞ്ചുറിയാഘോഷങ്ങളെ അനുകരിച്ച് ബാറ്റിനു മുകളിൽ ഹെൽമറ്റ് കോർത്ത് ഗാലറിയെ ഒന്നടങ്കം അഭിവാദ്യം ചെയ്താണ് ഗെയ്‍ൽ പവലിയനിലേക്കു മടങ്ങിയതും. ആരാധകർ ഒന്നാകെ എഴുന്നേറ്റുനിന്ന് താരത്തിന് ആദരമർപ്പിച്ചു.

∙ തകർത്തടിച്ച് ഗെയ്‍ൽ, ലെവിസ്

ഓപ്പണർമാരായ ക്രിസ് ഗെയ്‍ലും എവിൻ ലെവിസും സംഹാരരൂപികളായതോടെ മൂന്നാം ഏകദിനത്തിൽ ആദ്യ 10 ഓവറിൽ ഇന്ത്യയുടെ ബോളിങ് അമ്പേ പാളി. ആദ്യ ഓവർ ബോൾ ചെയ്ത ഭുവനേശ്വർ കുമാർ മെയ്ഡനോടെയാണ് തുടങ്ങിയതെങ്കിലും അടുത്ത ഓവറിൽ മുഹമ്മദ് ഷമി 12 റൺസ് വഴങ്ങി. മൂന്നാം ഓവറിൽ ഒരു റൺ മാത്രം വിട്ടുകൊടുത്ത ഭുവനേശ്വറിനു പിന്നാലെ നാലാം ഓവർ ഷമിയും മെയ്ഡനാക്കി. ഇതോടെ നാല് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 13 റൺസ് എന്ന നിലയിലായി വിൻഡീസ്. എന്നാൽ അവിടുന്നങ്ങോട്ട് ആക്രമണത്തിലേക്കു വഴിമാറിയ വിൻഡീസ് ഓപ്പണർമാർ തുടർന്നുള്ള ഓവറുകളിൽ അടിച്ചെടുത്ത റൺസ് ഇങ്ങനെ:

5 –ാം ഓവർ – 16 റൺസ്
6–ാം ഓവർ – 20
7–ാം ഓവർ – 14
8–ാം ഓവർ – 16
9–ാം ഓവർ – 18
10–ാം ഓവർ – 17

11–ാം ഓവറിൽ രണ്ടാം ബോളിങ് മാറ്റവുമായെത്തിയ യുസ്‍വേന്ദ്ര ചെഹലാണ് ഒടുവിൽ കൂട്ടുകെട്ട് പൊളിച്ചത്. 29 പന്തിൽ 43 റൺസുമായി ധവാനു ക്യാച്ച് നൽകിയ മടങ്ങുമ്പോേഴയ്ക്കും ഓപ്പണിങ് വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 115 റൺസ്. അടുത്ത ഓവറിൽ ഗെയ്‍ലും പുറത്ത്!

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

∙ റെക്കോർഡ് ബുക്കിൽ ഗെയ്‍ൽ

ഇതിനിടെ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരങ്ങളിൽ ഗെയ്‍ൽ രണ്ടാമനായി. ഈ വർഷം ഇതുവരെ 56 സിക്സുകളാണ് ഗെയ്‍ലിന്റെ സമ്പാദ്യം. 2015ൽ 58 സിക്സടിച്ച ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സാണ് ഒന്നാമത്.

ക്രിസ്റ്റഫർ ഹെൻറി ഗെയ്‍ൽ: പ്രായം: 40

അരങ്ങേറ്റം: 1999, ഇന്ത്യയ്ക്കെതിരെ, ടൊറന്റോ

മൽസരം: 301, ഇന്നിങ്സ്: 294

റൺസ്: 10480, ടോപ് സ്കോർ: 215

ശരാശരി: 37.83

സെഞ്ചുറി: 25, അർധസെഞ്ചുറി: 54

വിക്കറ്റ്: 167

ടോപ് ബോളിങ് : 5/ 46, ക്യാച്ച്: 124