ന്യൂസ് ഡെസ്ക് , മലയാളം യുകെ

ആറുവർഷമായി വാൻ ഹൗസിൽ മാത്രം ജീവിച്ച് ലോകം ചുറ്റുന്ന ബ്രിട്ടീഷ് ദമ്പതിമാരിൽ ഭാര്യയായ എസ്തറിനെ കാണാതായത് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. എസ്തറിനെ പൈറീനീസിൽ വച്ചാണ് ട്രക്കിങ്ങിനിടെ കാണാതായത്. പൈറീനീസ് പർവ്വതനിര സ്പെയിനിനും ഫ്രാൻസിനും ഇടയിൽ 430 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതും സമുദ്രനിരപ്പിൽ നിന്ന് 3400 മീറ്ററിൽ അധികം ഉയരത്തിലുള്ളതുമാണ് . എന്നാൽ വിപുലമായ രീതിയിലുള്ള തിരച്ചിലിന് ശേഷവും കണ്ടെത്താൻ സാധിക്കാത്തത് ദുരൂഹത സൃഷ്ടിച്ചിരിക്കുകയാണ് . ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാം എന്ന സംശയമാണ് കുടുംബാംഗങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് പൈറീനീസ് മലനിരകളിലെ ട്രക്കിങ്ങിനിടയിൽ എസ്തറിനെ കാണാതായത്. ആദ്യം എസ്തർ അപകടത്തിൽ പെട്ടതാണെന്ന് സംശയിച്ചെങ്കിലും അവസാനമായി ലിഫ്റ്റ് നൽകിയ സഹയാത്രികനെ കണ്ടെത്താൻ പോലീസ് പരാജയപ്പെട്ടതിനെ തുടർന്നാണ് എസ്തറിൻെറ ആൻറി എലിസബത്ത് വോൾസി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മോശം കാലാവസ്ഥയ്ക്കിടയിലും എസ്തറിനെ കാണാതായതായി കരുതുന്ന സ്ഥലത്ത് ഹെലികോപ്റ്ററുകളുടെയും പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളുടെയും സഹായത്തോടെ മൗണ്ടൻ റെസ്ക്യൂ യൂണിറ്റുകളിൽ നിന്നുള്ള പതിനഞ്ചോളം വിദഗ്ധർ ഒരാഴ്ചയോളം തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ എസ്തറിനെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.

എസ്തറിൻെറയും പങ്കാളിയായ ഡാൻ കോൾഗേറ്റിൻെറയും വാൻ ഹൗസിലെ സഞ്ചാരത്തിൻെറ കഥ മലയാളംയുകെ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അധികം താമസിയാതെ തന്നെ എസ്തറിനെ കാണാതായ വാർത്ത അവൾ അവസാനമായി തൻെറ പങ്കാളിക്ക് വാട്സാപ്പിൽ അയച്ച ചിത്രം സഹിതം വാർത്തയായത് ദുഃഖത്തോടെയാണ് ലോകമെങ്ങുമുള്ള യാത്രാപ്രേമികൾ ശ്രവിച്ചത് .