എവറസ്റ്റ് കൊടുമുടിയുടെ വലിപ്പം കുറയുന്നതായി റിപ്പോര്‍ട്ട്. 29,029 അടിയാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം എന്നാണ് ഒട്ടുമിക്ക കണക്കുകളിലും പറയുന്നത്. 1950കള്‍ മുതല്‍ ഇതാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരമായി കണ്ടുപോരുന്നത്. അതേസമയം ഇത് കുറയുന്നതായാണ് ചില ശാസ്ത്രജ്ഞര്‍ കരുതുന്നത്. 2015ല്‍ നേപ്പാളിനെ തകര്‍ത്ത വന്‍ ഭൂകമ്പത്തിലാണ് എവറസ്റ്റിന്റെ വലിപ്പം കുറഞ്ഞത് എന്നാണ് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത്. ഇതാദ്യമായി നേപ്പാള്‍ എവറസ്റ്റ് കൊടുമുടിയുടെ ഉയരമളക്കാനുള്ള സര്‍വേ നടപടികള്‍ തുടങ്ങിയിരിക്കുകയാണ്.

സര്‍വേ ടീമുകളെ ഇതിനോടകം അയച്ചുകഴിഞ്ഞു. രണ്ട് വര്‍ഷം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കുക. 1.3 മില്യണ്‍ ഡോളര്‍ (9,20,83,550 ഇന്ത്യന്‍ രൂപ) ആണ് ചിലവ് പ്രതീക്ഷിക്കുന്നത്. എവറസ്റ്റിന്റെ തെക്കന്‍ ഭാഗം നേപ്പാളിന് അവകാശപ്പെട്ടതാണെങ്കിലും വിദേശികളാണ് ഇതുവരെ അതിന്റെ ഉയരമളന്നിരുന്നത് – യുഎസിലെ കൊളറാഡോ യൂണിവേഴ്‌സിറ്റിയിലെ ഭൗമശാസ്ത്ര വിദഗ്ധന്‍ റോജര്‍ ബിഹാം പറഞ്ഞു. ഇത്തവണത്തെ സര്‍വേയിലൂടെ എവറസ്റ്റിന്റെ ഏറ്റവും കൃത്യമായ ഉയരം നിര്‍ണയിക്കാനാകുമെന്ന പ്രതീക്ഷയാണ് റോജര്‍ ബിഹാം പങ്കുവച്ചത്.