ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ശരീരഭാരം കുറയ്ക്കാൻ ഇനി സക്സെൻഡ കുത്തിവയ്പ്പ്. രാജ്യവ്യാപകമായി ബൂട്സ് ഫാർമസി സ്റ്റോറുകളിലൂടെയാണ് കുത്തിവയ്പ്പ് എൻഎച്ച്എസ് പുറത്തിറക്കിയത്. ഇംഗ്ലണ്ടിൽ 45 മുതൽ 74 വയസ് പ്രായമുള്ളവരിൽ 75% പേരും അമിതവണ്ണമുള്ളവരാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പ് ആകർഷകമായി തോന്നിയേക്കാമെങ്കിലും ഇതിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു.
എന്താണ് സക്സെൻഡ?
വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്ന കുത്തിവയ്പ്പ് ആണ് സക്സെൻഡ. നമ്മുടെ ശരീരത്തിലെ GLP1 എന്ന ഹോർമോണിന് സമാനമായ പ്രവർത്തനമാണ് സക്സെൻഡയും നടത്തുന്നത്. ഭക്ഷണത്തിന് ശേഷം വയറുനിറഞ്ഞതായി അനുഭവപ്പെടുമ്പോൾ സാധാരണയായി ശരീരത്തിലുണ്ടാകുന്ന ഹോർമോൺ ആണിത്. വിശപ്പിനെ നിയന്ത്രിക്കുന്ന തലച്ചോറിലെ റിസപ്റ്ററുകളിൽ സക്സെൻഡ പ്രവർത്തിക്കുന്നതോടെ വിശപ്പില്ലായ്മയോ വയറു നിറഞ്ഞതുപോലെയോ അനുഭവപ്പെടും. ഭാരം കുറയ്ക്കാൻ ആഗ്രഹമുള്ളവർ ദിവസം ഒരു കുത്തിവയ്പ്പ് എടുക്കണമെന്നാണ് സക്സെൻഡയുടെ സൈറ്റിൽ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം കുത്തിവയ്പ്പ് ഉപയോഗിക്കുകയാണെങ്കിൽ, മൂന്ന് മാസത്തിനുള്ളിൽ രോഗികളുടെ ശരീരഭാരത്തിന്റെ 5% വരെ കുറയുമെന്ന് അവർ അവകാശപ്പെടുന്നു.
എന്തൊക്കെയാണ് പാർശ്വഫലങ്ങൾ?
യുകെയിൽ 2017 ലാണ് സക്സെൻഡ ആദ്യമായി അംഗീകരിച്ചത്. 2015-ൽ, അമിതഭാരമുള്ള 5,813 പേരിൽ സക്സെൻഡ കുത്തിവയ്പ്പ് പരീക്ഷിച്ചിരുന്നു. കുത്തിവയ്പ്പിന് ശേഷം രോഗികൾക്ക് അസുഖവും ഛർദ്ദിയും ഉണ്ടാകുന്നതായി കണ്ടെത്തി. പത്തിൽ ഒന്നിലധികം പേർക്ക് ഓക്കാനം, തലവേദന, വയറിളക്കം എന്നിവ അനുഭവപ്പെടാം. ദഹനക്കേട്, ക്ഷീണം, തലകറക്കം, ഉറക്കമില്ലായ്മ, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന കുറവ് തുടങ്ങിയവയ്ക്ക് കുത്തിവയ്പ്പ് കാരണമാകുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞു.
ഇത് മനസ്സിൽ വെച്ചുകൊണ്ട്, ഒരു എൻഎച്ച്എസ് പ്രൊഫഷണലിന്റെ ഉപദേശം തേടിയ ശേഷം കുത്തിവയ്പ്പ് എടുക്കുന്നതാണ് ഉചിതം. നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ Medullary Thyroid Cancer (MTC) ഉണ്ടെങ്കിൽ കുത്തിവയ്പ്പ് എടുക്കരുത്. ഗർഭിണിയായവരോ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവരോ കുത്തിവയ്പ്പ് എടുക്കരുതെന്നും സക്സെൻഡ ഉപദേശിക്കുന്നു. ഗർഭസ്ഥ ശിശുവിനെ അത് ദോഷകരമായി ബാധിച്ചേക്കാം.
Leave a Reply