ടന്‍സാനിയയുമായി അതിര്‍ത്തി പങ്കിടുന്ന മൊസാംബിക്കിന്‍റെ വടക്കൻ സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികള്‍ 50 പേരെ കഴുത്തറുത്ത് കൊന്നു. തീവ്രവാദികള്‍ ഒരു ഫുഡ്ബോള്‍ മൈതാനം വധശിക്ഷാ കേന്ദ്രമാക്കി മാറ്റുകയായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 2017 മുതല്‍ ഈ പ്രദേശത്ത് ഇസ്ലാമിക തീവ്രവാദികളുടെ സ്വാധീനത്തിലാണ്.
പെട്രോളിയം ഗ്യാസ്, മരതക ഖനന വ്യവസായങ്ങളാല്‍ സമ്പന്നമായ കാബോ ഡെൽഗഡോ പ്രവിശ്യയുടെ ഭാഗമായ ഈ പ്രദേശത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഏറ്റവും രക്തരൂക്ഷിതമായ അക്രമണമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടക്കുന്ന ഇസ്ലാമിക തീവ്രവാദികളുടെ നിരന്തരമായ അക്രമണത്തില്‍ ഇതുവരെയായി രണ്ടായിരത്തോളം ആളുകൾ ക്രൂരമായി കൊല്ലപ്പെടുകയും 4,30,000 പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗഡോ പ്രവിശ്യയിലെ നിരവധി ഗ്രാമങ്ങളിൽ ഇസ്ലാമിക തീവ്രവാദികൾ ആക്രമണം നടത്തിയതായും അമ്പതിലധികം പേരെ കഴുത്തറുത്ത് കൊന്നതായും പ്രവിശ്യാ മാധ്യമങ്ങളും പൊലീസും പറഞ്ഞു.
“അവർ വീടുകൾക്ക് തീയിട്ടു, തുടർന്ന് കാട്ടിലേക്ക് ഓടിപ്പോയ ആളുകളെ വേട്ടയാടി പിടിച്ച് കൊണ്ട് വന്ന് അവരുടെ ക്രൂരമായ നടപടി ആരംഭിക്കുകയായിരുന്നു. ” ഒരു പൊലീസ് ഉദ്യോഗസ്ഥൻ പത്രസമ്മേളനത്തിൽ പറഞ്ഞെന്ന് ഡിഡ്യു ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
ഗ്രാമത്തിലെ താമസക്കാരെ കൊലപ്പെടുത്തുന്നതിന് മുമ്പ് തീവ്രവാദികൾ ഒരു ഫുട്ബോൾ പിച്ചിലേക്ക് കൊണ്ടുപോയതായി ദൃക്‌സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദികൾ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നഞ്ചബ ഗ്രാമത്തിലെത്തിയ ആയുധാധാരികളായ തീവ്രവാദികള്‍ ‘ അള്ളാഹു അക്ബര്‍ ‘ വിളികള്‍ മുഴക്കിയതായി രക്ഷപ്പെട്ടവരെ ഉദ്ദരിച്ച് സര്‍ക്കാര്‍ വാർത്താ ഏജൻസി പറഞ്ഞു.
തുടര്‍ന്ന് തീവ്രവാദികള്‍ ഗ്രാമത്തില്‍ ഉറങ്ങിക്കിടന്ന രണ്ട് പേരുടെ കഴുത്തറുക്കുകയും സ്ത്രീകളെ തട്ടിക്കൊണ്ട് പോവുകയും ചെയ്തു. പിന്നീട് അക്രമികളില്‍ പ്രത്യേക സംഘം സമീപത്തെ മുഅതൈഡ് ഗ്രാമത്തിലേക്ക് നീങ്ങി.
അവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രാമവാസികളെ വിളിച്ചുണര്‍ത്തി. എന്നാല്‍ അക്രമികളെ കണ്ട് ഭയന്നോടാന്‍ ശ്രമിച്ച അമ്പതോളം ഗ്രാമവാസികളെ വേട്ടയാടി പിടിച്ച് സമീപത്തെ ഫുട്ബോള്‍ ഗ്രൌണ്ടിലേക്ക് കൊണ്ടുവന്നു.
തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ നടത്തിയ അതിക്രൂരമായ അക്രമണ പരമ്പരകള്‍ക്ക് ശേഷം ഗ്രാമവാസികളെ കഴുത്തറുത്തും വെട്ടിയും കൊല്ലുകയായിരുന്നെന്ന് സ്വകാര്യ വാര്‍ത്താ ചാനലായ പിനങ്കിൾ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ഇസ്ലാം തീവ്രവാദത്തെ പ്രതിരോധിക്കാന്‍ മൊസാംബിക്ക് സർക്കാർ അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. എന്നാല്‍, മൊസാംബിക്ക് സൈനീകര്‍ക്ക് നേരെയും നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിക്കപ്പെടുന്നുണ്ട്.
കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ കാബോ ഡെൽഗഡോയിലെ ഒരു ഗ്രാമത്തിന് നേരെ വെടിവെപ്പ് നടത്തിയ സൈന്യം അമ്പതോളം പേരെ കൊന്ന് തള്ളിയതായി ആരോപണമുയര്‍ന്നിരുന്നു. ഈ മാസം ആദ്യം ഇതേ പ്രവിശ്യയില്‍ ഒമ്പത് പേരെ കഴുത്തറുത്ത് കൊന്നിരുന്നതിനെ തുടര്‍ന്നായിരുന്നു ഈ അക്രമണം.
മൊസാംബിക്കൻ സുരക്ഷാ സേനയും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതായി മനുഷ്യാവകാശ സംഘടനകൾ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
കലാപം തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ പേരില്‍ സൈന്യം അനിയന്ത്രിതമായ അറസ്റ്റുകൾ, പീഡനങ്ങൾ, കൊലപാതകങ്ങൾ എന്നിവ ചെയ്തു കൂട്ടകയാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്.
രാജ്യത്തെ മുസ്ലിം പ്രാതിനിധ്യം കൂടിയ പ്രദേശങ്ങളിലൊന്നാണ് കാബോ ഡെൽഗഡോ പ്രവിശ്യ. ആഫ്രിക്കയുടെ വടക്കന്‍ രാജ്യങ്ങളിലേക്ക് കൂടി തീവ്രഇസ്ലാമിക ഗ്രൂപ്പുകള്‍ കടന്നുകയറുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അക്രമണം നടത്തിയ അല്‍ ഷബാബ് ഗ്രൂപ്പിന് തീവ്ര ഇസ്ലാമിക സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) മായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പെട്രോളിയം ഗ്യാസിനാല്‍ സമ്പന്നമെങ്കിലും പ്രദേശത്തെ ദാരിദ്രത്തിനും സാമൂഹിക പിന്നോക്കാവസ്ഥയ്ക്കും കുറവില്ല. യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മയും ദാരിദ്രവും മുതലെടുത്ത് യുവാക്കളെ ഐഎസ് അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ റിക്രൂട്ട് ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രവിശ്യയിലെ സമ്പന്നമായ മാണിക്യ, വാതക ഖനന വ്യവസായങ്ങളിൽ നിന്ന് തദ്ദേശീയര്‍ക്ക് കാര്യമായ നേട്ടമൊന്നുമില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഇതിന് പുറമേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ പ്രദേശത്തെ കാര്യമായി പരിഗണിക്കുന്നില്ലെന്നും പരാതിയുണ്ട്.
ബിബിസി റിപ്പോര്‍ട്ടര്‍ ജോസ് ടെംബെ പറയുന്നത് ഇത്തവണത്തെ അക്രമണം രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും ഭീകരമായ അക്രമണമാണെന്നാണ്. സംഭവത്തില്‍ ഭയചകിതരായ പ്രദേശവാസികള്‍ അക്രമത്തിന് സമാധാനപരമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
Leave a Reply