ഭക്ഷണം കഴിയ്ക്കുമ്പോള്‍ നമ്മള്‍ സാധാരണ അത് ഉണ്ടാക്കിയതിന്റെ കടപ്പാടൊന്നും ഓര്‍മ്മിയ്ക്കാറില്ല. മണ്ണില്‍ വിയര്‍ത്ത് അധ്വാനിച്ചുണ്ടാക്കിയ ആഹാരം ദൈവ തുല്ല്യമാണ്.

എന്നാല്‍, കര്‍ഷകനോടും മണ്ണിനോടും ആദരപൂര്‍വ്വം ചെരുപ്പ് ഊരി വച്ച് ആഹാരം ഓര്‍ഡര്‍ ചെയ്ത് കഴിയ്ക്കുന്ന ഒരു കര്‍ഷകന്റെ ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്.

ഇസ്മയില്‍ ഹസന്‍ എന്നയാളാണ് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ മകന്‍ പഠിയ്ക്കുന്ന കോയമ്പത്തൂരിലെ പിഎസ്ജി കോളേജിലെ കാന്റീനിലെ ദൃശ്യത്തെ കുറിച്ചാണ് ഇസ്മയിലിന്റെ കുറിപ്പ്.

ചെരുപ്പ് ഊരി വച്ച് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം എത്തിയപ്പോള്‍ അതിനെ വണങ്ങി തികഞ്ഞ ആദരവോടെ അദ്ദേഹം ഭക്ഷണം കഴിച്ചു. അപ്പോഴും അയാള്‍ ചെരുപ്പ് ധരിച്ചില്ല. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഈ ചിത്രവും കുറിപ്പും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

#ആകാലുകളിലൊന്നുനമസ്ക്കരിക്കാൻതോന്നി..

മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു,
എന്റെ മോൻ Salman Ismailhassan കൂടി പഠിക്കുന്ന കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം..

അപ്രതീക്ഷിതമായി കോളേജ് കാന്റീനിലെത്തിയ Salman അവിടെ വച്ചു കണ്ട ഇദ്ദേഹത്തെ ശ്രദ്ധിച്ചു. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഒാർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് അവനതു ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ കാലുകളിലേയ്ക്കു തന്നെയായിരുന്നു അവന്റെ ശ്രദ്ധ. ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണവൻ കണ്ടത്. മുഴുവനും കഴിച്ച ശേഷമാണ് അദ്ദേഹം ചെരുപ്പുകൾ ധരിച്ചത്.

അപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതും കർഷകനാണെന്നു മനസ്സിലാക്കിയതും..
ഭൂമി നൽകിയ ഭക്ഷണം കഴിച്ചപ്പോൾ അദ്ദേഹം ഭൂമിയെയും തന്നെയും ആ ചെരുപ്പുകൾ കൊണ്ട് അകറ്റിയില്ലാ എന്നു കൃത്യമായി ബോദ്ധ്യപ്പെട്ടപ്പോൾ അത്
അവനാകെ പുതിയൊരനുഭവവും അത്ഭുതവുമായിരുന്നു..

നമ്മുടെ ഭാരതത്തെ സംബന്ധിച്ചിടത്തോളം, അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ലാ, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നതെന്നു ബോദ്ധ്യപ്പെടാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലാ!!!
#ഇൻഡ്യൻകർഷകർക്ക്ഐക്യദാാർഢ്യം…’