ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനുപുറമേ കോവിഡ് വ്യാപനം രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് ബ്രിട്ടൺ . രോഗവ്യാപനം കുതിച്ചുയർന്നാൽ ഇപ്പോൾ തന്നെ കടുത്ത വിമർശനങ്ങളെ നേരിടുന്ന ബോറിസ് ഭരണകൂടത്തിന് നിൽക്കകള്ളിയില്ലാതെയാകും. നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിച്ചെങ്കിലും രോഗവ്യാപനം ഉയരുന്നതനുസരിച്ച് രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളും സമ്പർക്ക പട്ടികയിൽ വരുകയും സ്വയം ഒറ്റപ്പെടലിനു വിധേയരാകേണ്ടി വന്നേക്കാമെന്ന ആശങ്ക ശക്തമാണ്. എന്നാൽ ഇത് മുന്നിൽ കണ്ട് പുതിയ നീക്കത്തിലൂടെ എൻഎച്ച് എസ് സ്റ്റാഫ് , ഭക്ഷണം, ജലവിതരണം , ഇലക്ട്രിക്കൽ, ടാക്സി ഡ്രൈവർ മുതലായ നിർണായക സേവനങ്ങളിൽ ജോലി ചെയ്യുന്നവരെ സമ്പർക്ക പട്ടികയിൽ വന്നാലും സ്വയം ഒറ്റപ്പെടലിൽ നിന്ന് ഒഴിവാക്കി കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി.

കോവിഡ് പോസിറ്റീവ് ആയ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദുമായി സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്ന് ക്വാറന്റീനിൽ ആയ പ്രധാനമന്ത്രി ഓൺലൈനിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ തീരുമാനങ്ങൾ അറിയിച്ചത്. എൻ എച്ച് എസ് ആപ്പ് , ടെസ്റ്റ് ആൻഡ് ട്രെയ്സ് എന്നിവയിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് രാജ്യത്ത് ഏകദേശം 1.7 ദശലക്ഷം ആളുകൾ ഒറ്റപ്പെടലിന് വിധേയരായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോക് ഡൗൺ പിൻവലിച്ച സാഹചര്യത്തിൽ യുകെയിൽ പ്രതിദിനം രണ്ട് ലക്ഷം കോവിഡ് രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഒറ്റപ്പെടലിന് വിധേയരാകേണ്ടി വന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. കൂടുതൽ ആളുകൾ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും പരക്കെയുണ്ട്. തിങ്കളാഴ്ച 39 ,950 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. 19 പേർ കോവിഡ് മൂലം മരണമടയുകയും ചെയ്തു.