ഹമാസിന്റെ ബലൂൺ ബോംബിനു മറുപടിയായി ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. കിഴക്കൻ ജറൂസലെമിലെ പലസ്തീൻ മേഖലകളിൽ ഇസ്രയേലിൽനിന്നുള്ള തീവ്രദേശീയവാദികൾ മാർച്ച് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഹമാസ് ബലൂൺ ബോംബുകൾ പ്രയോഗിച്ചത്. ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേൽ ലക്ഷ്യമാക്കിയുള്ള ബലൂണ്‍ ബോംബുകൾക്കു മറുപടിയായി ഇസ്രയേൽ വ്യോമാക്രമണം നടത്തുകയായിരുന്നു.
തെക്കൻ ഗാസയിലെ ഖാൻ യൂനസ് മേഖലയിൽ ബുധനാഴ്ച പുലർച്ചെയാണ് അക്രമണമുണ്ടായത്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രയേൽ സേന അറിയിച്ചു. ഏതു പ്രതിസന്ധിയും നേരിടാൻ സൈന്യം സജ്ജമാണെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഗാസയിൽ നിന്നുവന്ന ബലൂണുകൾ തെക്കൻ ഇസ്രയേലിലെ ഇരുപതോളം ഇടത്ത് തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി. പതിനൊന്നു ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച് കഴിഞ്ഞ 21 നാണ് മേഖലയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇതിനു ശേഷമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
ഇസ്രയേലിൽ 12 വർഷത്തെ നെതന്യാഹു ഭരണത്തിന് ശേഷം പുതിയ സഖ്യ സർക്കാർ അധികാരം ഏറ്റെടുത്തതിനു പിന്നാലെ ഗാസയ്ക്കുനേരെയുള്ള ആദ്യ ആക്രമണമാണിത്. ബലൂൺ ബോംബിംഗിലും ഇസ്രയേലിന്റെ വ്യോമാക്രമണത്തിലും ഇരുപക്ഷത്തും ആളപായമില്ല. ബുധനാഴ്ച പുലർച്ചയോടെ മേഖലയിൽ സംഘർഷത്തിന് അയവുണ്ടാവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
Leave a Reply