ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ :- 500 ഓളം പേരുടെ മരണത്തിന് ഇടയാക്കിയ ഗാസയിലെ ആശുപത്രിയിൽ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്രയേൽ നിഷേധിച്ചിരിക്കുകയാണ്. എന്നാൽ ഈ ആക്രമണത്തിൽ കുറഞ്ഞത് 500 പേർ കൊല്ലപ്പെട്ടതായും കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായുമാണ് ഹമാസ് അവകാശപ്പെടുന്നത്. ഗാസ സിറ്റിയിലെ അൽ-അഹ്‌ലി ഹോസ്പിറ്റലിന് നേരെയുണ്ടായ ആക്രമണം ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ഭീകരർ തെറ്റായി പ്രയോഗിച്ച റോക്കറ്റാണെന്ന് ഇന്റലിജൻസ് വിവരങ്ങൾ വെളിപ്പെടുത്തിതായാണ് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടത്. എന്നാൽ തങ്ങൾ ചെയ്ത മനുഷ്യത്വരഹിതമായ ആക്രമണത്തെ മറച്ചുവയ്ക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ഹമാസ് വക്താവ് കുറ്റപ്പെടുത്തി.
സ്ഫോടനത്തിന്റെ ദൃശ്യത്തിൽ ആശുപത്രിയിൽ മുഴുവൻ തീ പടരുന്നതും, ആശുപത്രിയുടെ പരിസരം മൃതദേഹങ്ങളാൽ ചിതറി കിടക്കുന്നതും വ്യക്തമാക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ചെറിയ കുട്ടികളാണ് എന്നുള്ളത് മനുഷ്യമനഃസാക്ഷിയെ നടുക്കുന്നതാണ്. നടക്കുമ്പോൾ ആശുപത്രിയിൽ നിരവധി പേർ അഭയം പ്രാപിച്ചിരുന്നതായും, ക്രൂരമായ കൂട്ടക്കൊലയാണ് നടന്നതെന്നും ഹമാസ് പ്രതികരിച്ചു. ആംഗ്ലിക്കൻ ചർച്ച് ധനസഹായം നൽകുന്ന ആശുപത്രിയിൽ ഏകദേശം 6,000 ഫലസ്തീനികൾ അഭയം പ്രാപിച്ചിരുന്നു. ഇസ്രായേലിനു പിന്തുണ നൽകാനും യുദ്ധം വ്യാപിക്കുന്നത് തടയാനും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രദേശം സന്ദർശിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.
എന്നാൽ നടന്ന ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഇസ്രയേൽ ഡിഫൻസ് അധികൃതർ ശക്തമായി തന്നെ പ്രതികരിച്ചു. ഹമാസിനോടൊപ്പം ഗാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് ജിഹാദ് എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിൽ എന്ന് ഇസ്രായേൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കി. ഇത്തരം ഒരു ആശുപത്രി ഒരിക്കലും തങ്ങളുടെ ലക്ഷ്യമല്ലെന്നും ഇസ്രായേൽ പ്രതികരിച്ചു. ഒരു തീവ്രവാദ സംഘടനയുടെ സ്ഥിരീകരിക്കാത്ത അവകാശവാദങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ എല്ലാവരും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും ഇസ്രയേൽ അധികൃതർ അഭ്യർത്ഥിച്ചു. വടക്കൻ ഗാസയിലെ അൽ-അഹ്‌ലി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ലോകാരോഗ്യ സംഘടനയും ശക്തമായി അപലപിച്ചു. എന്നാൽ ഗാസയിലെ ഭീകരർ തന്നെയാണ് ആശുപത്രി ആക്രമിച്ചത് എന്നും ഇസ്രായേലി ഡിഫൻസ് ഉദ്യോഗസ്ഥർ അല്ലെന്നും, നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ സ്വന്തം മക്കളെയും കൊലപ്പെടുത്തുകയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈകാരികമായി പ്രതികരിച്ചു.
Leave a Reply