ലണ്ടന്‍: എന്‍എച്ച്എസ് ഭൂതകാലത്തില്‍ തളച്ചിടപ്പെട്ടിരിക്കുകയാണെന്നും 21-ാം നൂറ്റാണ്ടിന് എന്‍എച്ച്എസ് യോജിച്ചതല്ലെന്നും പുതിയ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഹോസ്പിറ്റല്‍സ് പ്രൊഫ. റ്റെഡ് ബേക്കര്‍. ആധുനികമാകാനും കമ്യൂണിറ്റി സേവനങ്ങളില്‍ നിക്ഷേപിക്കാനുമുള്ള അവസരം കഴിഞ്ഞ ലേബര്‍ സര്‍ക്കാരിന്റെ കാലത്ത് എന്‍എച്ച്എസ് നഷ്ടപ്പെടുത്തിയെന്നും ഡെയിലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 15-20 വര്‍ഷങ്ങള്‍ക്കു മുമ്പ് ജനസംഖ്യയില്‍ മാറ്റമുണ്ടാകുന്നത് നമുക്ക് കാണാന്‍ കഴിഞ്ഞു. എന്നാല്‍ ചികിത്സാ സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ എന്‍എച്ച്എസിന് കഴിഞ്ഞില്ല.

പണം വരാന്‍ വഴികള്‍ ഏറെയുണ്ടായിട്ടും നാം അത് വേണ്ടവിധത്തില്‍ വിനിയോഗിച്ചില്ല. ചികിത്സാരീതിയില്‍ സമൂലമായ മാറ്റങ്ങള്‍ ഫലപ്രദമായി വരുത്തേണ്ടതായിരുന്നു. ജനസംഖ്യയില്‍ 30 വര്‍ഷത്തിനിടെ 16 ശതമാനം വര്‍ദ്ധനയുണ്ടായി. പെന്‍ഷനര്‍മാര്‍ മൂന്നിരട്ടി വര്‍ദ്ധിച്ചു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളുമായാണ് ഇവര്‍ ജീവിക്കുന്നത്. ചികിത്സാ രംഗത്ത് നാം സ്വീകരിച്ചിരിക്കുന്ന മാതൃക 1960കളിലെയും 70കളിലെയുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ബേക്കര്‍ ആണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ പുതിയ അധ്യക്ഷന്‍.

അടിസ്ഥാനപരമായി മാറ്റങ്ങള്‍ വേണ്ട മേഖലയാണ് ഇത്. 21-ാം നൂറ്റാണ്ടിന് ചേരുന്ന വിധത്തിലുള്ള ചികിത്സാ മാതൃകയാണ് നമുക്ക് ആവശ്യമായത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ പകുതിയും കിടത്തി ചികിത്സ ആവശ്യമില്ലാത്തവരാണ്. ശരിയായ കമ്യൂണിറ്റി കെയര്‍ സംവിധാനമുണ്ടെങ്കില്‍ ഇത്തരക്കാരെ നേരത്തേ തന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയും. ആംബുലന്‍സുകള്‍ ക്യൂവില്‍ നിര്‍ത്തുകയും രോഗികളെ ഇടനാഴികളില്‍ നിര്‍ത്തുകയും ചെയ്യുന്ന ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളുടെ രീതിയെയും അദ്ദേഹം വിമര്‍ശിച്ചു.