ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുഎസിന്റെ പിന്തുണയോടെ ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാക്കിയിരിക്കുകയാണ്. പ്രദേശത്തെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിക്കിടെ പല വിമാനക്കമ്പനികളും വ്യോമപാതകള്‍ ഒഴിവാക്കി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. ഇതിനിടെ ഇറാനിലെ എണ്ണപ്പാടങ്ങള്‍ക്കും ശുദ്ധീകരണശാലകള്‍ക്കുമെതിരെ ആക്രമണമുണ്ടായാല്‍ ആഗോള എണ്ണവിതരണത്തില്‍ വലിയ കുറവ് സംഭവിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉപരോധങ്ങള്‍ നിലനിന്നിട്ടും ഇറാന്‍ ഇന്നും മുന്‍നിര എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ്. ഒപെക്കിന്റെ കണക്കു പ്രകാരം പ്രതിദിനം ഏകദേശം 3.1 ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യം, 1.3 മുതല്‍ 1.5 ദശലക്ഷം ബാരല്‍ വരെ കയറ്റുമതി ചെയ്യുന്നു. ഇതില്‍ ഭൂരിഭാഗവും ചൈനയിലേക്കാണ് പോകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇറാനിലെ എണ്ണ ഉത്പാദനച്ചെലവ് ഒരു ബാരലിന് 10 ഡോളര്‍ വരെ മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്രയും കുറഞ്ഞ ചെലവില്‍ ഉത്പാദനം നടക്കുന്നത്. എന്നാല്‍ അമേരിക്കയിലും കാനഡയിലും ബാരലിന് 40 മുതല്‍ 60 ഡോളര്‍ വരെ ചെലവാകുന്നു. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്കുയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതുവഴി ഗതാഗതച്ചെലവും ഭക്ഷ്യവിലയും ഉത്പാദനച്ചെലവും വര്‍ധിച്ച് ആഗോള പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ഇതിനിടെ ഹോർമുസ് കടലിടുക്ക് സംബന്ധിച്ച ആശങ്കയും ശക്തമാണ്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍റെ കണക്കനുസരിച്ച്, ലോകത്തിലെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനം ഈ കടലിടുക്കിലൂടെ കടന്നുപോകുന്നു. ഏറ്റവും കുറഞ്ഞ വീതി വെറും 33 കിലോമീറ്റര്‍ മാത്രമുള്ള ഈ ജലപാത ഇറാനും ഒമാനും ഇടയിലാണ്. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളുടെ പ്രധാന കയറ്റുമതി മാര്‍ഗമാണിത്. ക്രൂഡ് ഓയില്‍, എല്‍എന്‍ജി എന്നിവയുടെ ഏകദേശം 80 ശതമാനവും ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. ഈ പാതയില്‍ ചെറിയൊരു തടസ്സം പോലും ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് ചെലവ് ഉയര്‍ന്നും കപ്പല്‍ ഗതാഗതം മന്ദഗതിയിലായും എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.