ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കനത്ത വ്യോമാക്രമണവുമായി ഇസ്രയേൽ. ഇറാൻ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയർബേസിലായിരുന്നു ആക്രമണം. ഇസ്‌ഫഹാൻ പ്രവിശ്യയിലെ സൈനികത്താവളത്തിനു സമീപമായി നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമമായ ഫാർസ് റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രത്യാക്രമണം നടത്തുന്നുവെന്ന റിപ്പോർട്ട് മധ്യപൂർവ ദേശത്ത് യുദ്ധഭീതി ശക്തമാക്കി.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ 85–ാം ജന്മദിനത്തിലാണ് ഇസ്രയേലിന്റെ തിരിച്ചടിയെന്നതു ശ്രദ്ധേയം. സൈനിക നടപടിയുമായി ഇസ്രയേൽ മുന്നോട്ടുപോവുകയാണെങ്കിൽ ‍തിരിച്ചടിക്കുമെന്ന ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം.

ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങൾ ഇസ്‌ഫഹാൻ പ്രവിശ്യയിലാണു സ്ഥിതി ചെയ്യുന്നത്. ഇവ സുരക്ഷിതമാണെന്ന് ഇറാൻ മാധ്യമമായ തസ്നീം റിപ്പോർട്ട് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇറാൻ നഗരങ്ങളായ ടെഹ്റാൻ, ഇസ്‌ഫഹാൻ, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വ്യോമഗതാഗതം ആക്രമണത്തെ തുടർന്ന് നിർത്തിവച്ചു. ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 10.30 വരെ വിമാന സർവീസുകൾ നിർത്തിവച്ചതായി ഇൻഫർമേഷൻ ഡെസ്ക് അറിയിച്ചു. ടെഹ്റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രി വരെ അടച്ചിട്ടു. എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

അതിനിടെ, ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ യുഎസ് സൈന്യം പങ്കാളികളല്ലെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാനെതിരെ ആക്രമണം നടത്തുന്ന കാര്യം ഇസ്രയേൽ യുഎസിനെ അറിയിച്ചിരുന്നതായാണു വിവരം.

ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയ വാർത്തയോട് ഇസ്രയേൽ സൈന്യം പ്രതികരിച്ചില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന്, ‘ഇപ്പോൾ ഒന്നും പറയാനില്ല’ എന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. ആണവ കേന്ദ്രമായിരുന്നില്ല ഇസ്രയേലിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടുണ്ട്. ഈ മാസം ഒന്നിന് ഡമാസ്കസിലെ ഇറാൻ എംബസി ഇസ്രയേൽ ആക്രമിച്ച് ഒരു ജനറൽ ഉൾപ്പെടെ 7 ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതിനു തിരിച്ചടിയായി ശനിയാഴ്ച മുന്നൂറോളം മിസൈൽ, ഡ്രോൺ ആക്രമണമാണ് ഇറാൻ നടത്തിയത്.