ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് തന്റെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭ അനുമതി നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളെ വധിച്ചതിലൂടെയും അവരുടെ തന്ത്രപ്രധാനകേന്ദ്രങ്ങൾ തകർത്തതിലൂടെയും ലക്ഷ്യം പൂർത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു.

വെടിനിർത്തൽക്കരാർ ഹിസ്ബുള്ള ലംഘിച്ചാൽ പ്രതികരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. അന്തിമ അംഗീകാരത്തിനായി കരാർ മന്ത്രിസഭയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്കെതിരേ യുദ്ധം തുടങ്ങിയത് ഹിസ്ബുള്ളയാണ്. യുദ്ധലക്ഷ്യങ്ങളിൽ പലതും കൈവരിച്ചു. അവരുമായുള്ള സംഘർഷത്തിനിടെ വടക്കൻ ഇസ്രയേലിൽനിന്ന് കുടിയിറക്കപ്പെട്ട ഇസ്രയേൽ ജനതയെ അവരുടെ വീടുകളിലേക്ക് തിരിച്ചെത്തിക്കും. ഗാസയിലെ ഹമാസിനെതിരായ യുദ്ധത്തെ കരാർ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വെടിനിർത്തൽക്കരാർ ഉടനെ നടപ്പാക്കണമെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി അറിയിച്ചു. യു.എസിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ കൊണ്ടുവരുന്ന വെടിനിർത്തൽക്കരാറിനാണ് അനുമതി നൽകിയത്. കരാറിന് ഹിസ്ബുള്ളയുടെ പിന്തുണയുണ്ടെന്ന് ലെബനീസ് അധികൃതർ പറഞ്ഞു. രണ്ടുമാസത്തെ വെടിനിർത്തൽ, ഹിസ്ബുള്ളയുടെ സായുധവിഭാഗത്തിന്റെ തെക്കൻ ലെബനനിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കൽ, ലെബനനിൽനിന്നുള്ള ഇസ്രയേൽസേനയുടെ പിന്മാറ്റം എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകളെന്നാണ്‌ വിവരം.

തെക്കൻ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ലെബനീസ് സൈന്യത്തെയും ലെബനനിലെ യു.എൻ. സമാധാനസേനയെയും (യൂണിഫിൽ) വിന്യസിക്കും. യു.എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്രസമിതിക്കായിരിക്കും നിരീക്ഷണച്ചുമതല. അതേസമയം, കരാറിന്റെ പ്രായോഗികത സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹിസ്ബുള്ള വാക്കുതെറ്റിച്ചാൽ സ്വയംപ്രതിരോധിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അക്കാര്യം കരാറിൽ ചേർക്കാൻ ലെബനൻ സമ്മതിച്ചിട്ടില്ല. കരാർ നടപ്പാക്കുന്നതിൽ യൂണിഫിലിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ ഹിസ്ബുള്ളയ്ക്കുനേരേ ആക്രമണം തുടരുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി കാറ്റ്സ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

കരാറിന് അംഗീകാരം നൽകുന്നത് ഹിസ്ബുള്ളയെ തുടച്ചുനീക്കാനുള്ള ചരിത്രപരമായ അവസരം നഷ്ടപ്പെടുത്തലാകുമെന്ന് ഇസ്രയേൽ ദേശസുരക്ഷാമന്ത്രി ഇതാമർ ബെൻ ഗ്വിർ പറഞ്ഞു.

ഗാസയിലെ യുദ്ധത്തിനു സമാന്തരമായി 13 മാസമായി ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ നടക്കുന്ന സംഘർഷത്തിനിടെ 3760 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിന് 82 പട്ടാളക്കാരെയും 47 പൗരരെയും നഷ്ടപ്പെട്ടു. പേജർ സ്ഫോടനപരമ്പരയ്ക്കുപിന്നാലെ സെപ്റ്റംബർ അവസാനമാണ് ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ ലെബനനിൽ പൂർണതോതിലുള്ള യുദ്ധമാരംഭിച്ചത്.

വെടിനിർത്തൽക്കരാറിന് അനുമതി നൽകുന്നതിനുമുന്നോടിയായി ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരുന്നു. മധ്യ ബയ്റുത്തിലും നഗരത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേലി പോർവിമാനങ്ങൾ ശക്തമായ ബോംബാക്രമണം നടത്തി. ബയ്റുത്തിലെ 20 കെട്ടിടങ്ങൾകൂടി ഒഴിയാൻ സൈന്യം നിർദേശിച്ചു. വെടിനിർത്തലിനുള്ള തീരുമാനം വരുംമുൻപ് ഹിസ്ബുള്ളയുടെ കൂടുതൽ ശക്തികേന്ദ്രങ്ങൾ തകർക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച ലെബനനിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടു.