യോഗി സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധമായ നിലപാടിന്റെ ഭാഗമായാണ് ഡോ: ഖഫീല്‍ അഹമ്മദ് ഖാന്‍ ജയിലിലായത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡോ.കഫീല്‍ അഹമ്മദ് ഖാനിന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചിരുന്നത്. ചികിത്സയില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച കഫീല്‍ ഖാനിനെ കേസില്‍ കുടുക്കുകയായിരുന്നു.

ജയിലില്‍ നിന്നിറങ്ങിയ ഖഫീല്‍ ഖാനെ സ്വീകരിക്കാന്‍ കുടുംബം എത്തിയിരുന്നു.നെഞ്ച് പൊട്ടിക്കരഞ്ഞ്, അമ്മയെയും ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ഖഫീല്‍ അഹമ്മദ് ഖാന്‍ നിന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതായിരുന്നു. കണ്ടുനിന്നവരുടെ കൂടെ നെഞ്ചില്‍ നീറ്റല്‍ പടര്‍ത്തുന്നതായിരുന്നു കഫീലിന്റെ വികാരപ്രകടനം. മകളെ കണ്ടതോടെയാണ് കഫീല്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അധികാര വര്‍ഗം കയ്യൊഴിഞ്ഞും കൈകഴുകിയും നോക്കിനിന്നപ്പോള്‍ ജീവന്റെ വിലയറിഞ്ഞ് കുറച്ച് കുരുന്നു ജീവനുകള്‍ക്ക് ജീവശ്വാസം പകര്‍ന്നതാണോ താന്‍ ചെയ്ത തെറ്റ് എന്നായിരുന്നു കഫീലിന്റെ ചോദ്യം. ജയിലിലെ ജീവിതം ഭീകരമായിരുന്നുവെന്നും ക്രിമിനലുകള്‍ക്കൊപ്പം കഴിഞ്ഞിരുന്ന നാളുകള്‍ ഇപ്പോഴും പേടിപ്പെടുത്തുന്നുണ്ടെന്നും കഫീല്‍ പറഞ്ഞു. തന്റെ ഭാവി ഇനി യോഗി ആദിത്യനാഥിന്റെ കൈകളിലാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ജോലിയില്‍ കയറണമെന്നാണ് തന്റെ ആഗ്രഹമെന്നും കഫീല്‍ പറഞ്ഞു.

തന്നെ ഭരണകൂടം ബലിയാടാക്കുകയായിരുന്നുവെന്ന് അടുത്തിടെ ജയിലില്‍ നിന്നെഴുതിയ കത്തില്‍ ഖാനും ആരോപിച്ചിരുന്നു. ആശുപത്രിയില്‍ ദുരന്തം നടന്ന ആഗസ്റ്റ് 10ന് അവധിയിലായിരുന്നിട്ട് കൂടി, ഒരു ഡോക്ടറെന്ന നിലയിലും ഇന്ത്യന്‍ പൗരനെന്ന നിലയിലും തനിക്ക് കഴിയാവുന്നതിലേറെ ചെയ്തു. ഓക്സിജന്റെ അഭാവം മൂലമുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാണ് താന്‍ ഇത്രയൊക്കെ ചെയ്തത്. ഓക്സിജന്‍ വിതരണ കമ്പനിക്ക് കുടിശിക നല്‍കാത്ത ഉദ്യോഗസ്ഥരാണ് ഈ ദുരന്തത്തിന്റെ കാരണക്കാര്‍. സ്വന്തം തടി രക്ഷിക്കാന്‍ വേണ്ടി അവര്‍ തന്നെ ബലിയാടാക്കിയതാണ്. തന്റെ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ താന്‍ പൊലീസില്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതനായതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.