ന്യൂസ് ഡെസ്ക് മലയാളം യുകെ
1920 കളിലെ നികുതി സമ്പ്രദായത്തിൽ നിന്ന് ലോകം മാറണമെന്ന് ചാൻസലർ ഋഷി സുനക് അഭിപ്രായപ്പെട്ടു. സങ്കീർണ്ണമായ ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഈ കാലഘട്ടത്തിൽ പഴയ രീതിയിലുള്ള ഒരു നികുതി സമ്പ്രദായത്തെ ലോകത്തിന് ആശ്രയിക്കാൻ കഴിയില്ലെന്നും ജി7 രാജ്യങ്ങളുമായി നടന്ന മന്ത്രിമാരുടെ മീറ്റിങ്ങിൽ അദ്ദേഹം പറഞ്ഞു. സെൻട്രൽ ലണ്ടനിലെ ലാൻകാസ്റ്ററിലാണ് യുഎസ്, ജപ്പാൻ, ഫ്രാൻസ്, കാനഡ, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ ധനമന്ത്രിമാരും ചാൻസലർ ഋഷി സുനകും യോഗം ചേർന്നത്. യോഗത്തിൽ ഐടി കമ്പനികൾക്ക് നികുതി ചുമത്തുന്നതിനുള്ള ആഗോള തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷ.
ഗൂഗിൾ, ഫെയ്‌സ്ബുക്ക്, ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെയുള്ള ഐടി കമ്പനികൾക്ക് നികുതി ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച് ന്യായമായ തീരുമാനം എടുക്കുകയാണ് പ്രധാന മുൻഗണന എന്ന് ഋഷി സുനക് പറഞ്ഞു. യുഎസിലെ ഐടി കമ്പനികൾ തങ്ങളുടെ വളർച്ചയിലും, ലാഭത്തിലും വളരെ മുന്നിലാണ്. എന്നാൽ ആഗോളതലത്തിൽ ഈ കമ്പനികൾ അടയ്ക്കുന്ന കുറഞ്ഞ നികുതി നിരവധി വിമർശനങ്ങൾക്കു കാരണമായിരുന്നു. മൈക്രോസോഫ്റ്റിന്റെ അയർലൻഡ് വിഭാഗം കഴിഞ്ഞ വർഷം കോർപ്പറേഷൻ നികുതി ഒന്നും നൽകിയില്ലെന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഈ ആഴ്ച്ച ആദ്യം നടന്നിരുന്നു. ഇത് രാജ്യത്തിൻെറ ജിഡിപിയുടെ മുക്കാൽ ഭാഗത്തോളം വരും.
ഫെയ്‌സ്ബുക്ക് യുകെ കോർപ്പറേഷന് 2019 -ൽ 1 ബില്യൺ പൗണ്ടിൽ കൂടുതൽ വരുമാനം ഉണ്ടാക്കിയപ്പോൾ നികുതിയായി 28.5 മില്യൺ പൗണ്ടാണ് നൽകിയത്. അതേസമയം ഗൂഗിൾ 1.8 ബില്യൺ പൗണ്ട് വരുമാനത്തിൻെറ നികുതിയായി 50 മില്യൺ പൗണ്ടാണ് നൽകിയത്. അതേ വർഷം ആമസോൺ 13.73 ബില്യൺ പൗണ്ട് വരുമാനത്തിന് 293 മില്യൺ പൗണ്ടാണ് നൽകിയത്. കമ്പനികൾ രാജ്യത്തിൻെറ നിയമങ്ങൾ അനുസരിച്ചുള്ള നികുതികൾ നൽകുന്നില്ലെന്നും ബ്രിട്ടനിൽ അത് ശരിയാക്കാനാണ് ശ്രമിക്കുന്നതെന്നും ഋഷി സുനക് പറഞ്ഞു.
Leave a Reply