ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മൂന്നുമാസമായി ഇന്ത്യക്കാർ ഉൾപ്പെടെ 26 നാവികരെ ഗിനിയയിൽ അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണ്. സമുദ്രാതിർത്തി ലംഘിച്ചുവെന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ഇവരിൽ സ്ത്രീധന പീഡനത്തിന്റെ പേരിൽ മരണമടഞ്ഞ വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികളാണുള്ളത്. മൊത്തം 16 ഇന്ത്യക്കാർ ഉൾപ്പെട്ട സംഭവത്തിൽ കേന്ദ്ര കേരള സർക്കാരുകൾ ഇടപെടാൻ താമസിച്ചതായുള്ള ആക്ഷേപം ശക്തമാണ്.
വിസ്മയുടെ സഹോദരൻ നിലമേൽ കൈതോട് സ്വദേശിയായ വിജിത്ത് കപ്പലിലെ നാവിഗേറ്റീവ് ഓഫീസറാണ്. മലയാളിയായ സനു ജോസഫ് ആണ് ചീഫ് ഓഫീസർ . കൊച്ചി സ്വദേശിയായ മിൽട്ടനും കപ്പലിലെ ജീവനക്കാരനാണ്. ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ശ്രമം തുടരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവർ അന്യായമായി മറ്റൊരു രാജ്യത്ത് തടവിൽ കഷ്ടപ്പെടുന്നതിന്റെ വേദനയിലാണ് നാവികരുടെ ബന്ധുക്കളും സുഹൃത്തുക്കളും .
ഓഗസ്റ്റ് ഏഴിനാണ് സംഭവങ്ങളുടെ തുടക്കം. ദക്ഷിണാഫ്രിക്കയിൽ നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരാനായി പോയ ഹെറോയിക് ഐസർ എന്ന കപ്പലിലെ ജീവനക്കാർക്കാണ് ഭീകരമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടതായി വന്നിരിക്കുന്നത്. ആവശ്യപ്പെട്ട 16 കോടിയോളം രൂപ കപ്പൽ ഉടമകൾ പിഴ ഒടുക്കിയെങ്കിലും ജീവനക്കാരെയും കപ്പലിനെയും വിട്ടുകൊടുക്കാൻ ഗിനിയൻ അധികൃതർ തയ്യാറായിട്ടില്ല. നിലവിൽ തടങ്കലിൽ നിന്ന് ജീവനക്കാരെ കപ്പലിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply