ന്യൂസ് ഡെസ്ക് മലയാളം യുകെ
ആദ്യ ഡോസ് പ്രതിരോധകുത്തിവെയ്പ്പു കൊണ്ടുതന്നെ കൊറോണ വൈറസിൽ നിന്ന് 90 ശതമാനം സംരക്ഷണം ലഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയ കണക്കുകൾ പ്രകാരം ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആദ്യ ഡോസ് വാക്സിൻ ലഭിച്ച ആൾക്കാരെയും ഇതുവരെ വാക്‌സിൻ ലഭിക്കാത്ത സമാനമായ പ്രായത്തിലുള്ള മറ്റുള്ളവരുമായി താരതമ്യം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത് . ഇതോടൊപ്പം തന്നെ വൈറസ് ബാധിക്കുന്നത് തടയുന്നതിൽ ഫൈസർ വാക്സിനേക്കാൾ ഫലപ്രദമാണ് ഓക്സ്ഫോർഡ് വാക്സിൻ എന്നാണ് പഠനത്തിലെ കണ്ടെത്തൽ.
യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പുരോഗമിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ രാജ്യത്ത് 20 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകി കഴിഞ്ഞു. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക നേട്ടമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതിനെ വിശേഷിപ്പിച്ചു . ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ 20,089,551 പേർക്കാണ് ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചത്. രണ്ടാമത്തെ ഡോസ് ലഭിച്ചവരുടെ എണ്ണം 796,132 ആണ് . ജൂലൈ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Leave a Reply