ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് നൽകിയ ഇന്ത്യൻ നിർമ്മിത ആസ്ട്രാസെനെക്ക വാക്സിൻ അംഗീകരിക്കാത്ത 13 യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് പോർച്ചുഗൽ. റിപ്പോർട്ടുകൾ പ്രകാരം, വേനൽക്കാല അവധിക്ക് പോർച്ചുഗലിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയേണ്ടിവരും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച കോവിഷീൽഡ് വാക്സീൻ അമ്പതുലക്ഷം ബ്രിട്ടീഷുകാർക്ക് നൽകിയിട്ടുണ്ട്. ആസ്ട്രാസെനെക്ക ഡോസുകൾ പോലെയാണെങ്കിലും, യൂറോപ്യൻ റെഗുലേറ്റർ ഇത് അംഗീകരിച്ചിട്ടില്ല. അതിനാൽ ഇത് യൂറോപ്യൻ യൂണിയനും അംഗീകരിച്ചിട്ടില്ല.

നിയമമനുസരിച്ച് അംഗീകൃത വാക്സിൻ രണ്ട് ഡോസ് സ്വീകരിക്കാത്തവർ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് പോർച്ചുഗൽ ആവശ്യപ്പെടുന്നു. മറ്റ് രണ്ട് രാജ്യങ്ങളായ പോളണ്ടും റൊമാനിയയും ബ്രിട്ടീഷ് യാത്രികരോട്, രണ്ട് ഡോസ് അംഗീകൃത വാക്സീൻ ലഭിച്ചിട്ടില്ലെങ്കിൽ ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെടുന്നു. ഡെൻമാർക്കിലും സൈപ്രസിലും അംഗീകൃത വാക്സിൻ ആവശ്യമാണ്. അതേസമയം ചില രാജ്യങ്ങൾ സന്ദർശകർക്ക് പ്രവേശനത്തിനുള്ള പരിശോധനയും പ്രതിരോധ കുത്തിവയ്പ്പ് നൽകും. ചെക്ക് റിപ്പബ്ലിക്ക്, എസ്റ്റോണിയ, ഇറ്റലി, ലിത്വാനിയ, ലക്സംബർഗ്, സ്ലൊവാക്യ, നോർവേ, ലിച്ചെൻസ്റ്റീൻ എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.

ഫ്രാൻസും ക്രൊയേഷ്യയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇതിനകം തന്നെ ഇന്ത്യൻ നിർമ്മിത വാക്സിൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത മാസത്തോടെ വാക്സിൻ ഔദ്യോഗികമായി അംഗീകരിക്കാനാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ നിർമിത ഡോസുകൾ സ്വീകരിച്ച യാത്രക്കാർക്ക് മറ്റ് രാജ്യങ്ങളിൽ പ്രതികൂല സാഹചര്യം നേരിടേണ്ടിവരുമെന്ന ആശങ്ക കഴിഞ്ഞ മാസം ആരോഗ്യവകുപ്പ് പരിഹരിച്ചിരുന്നു. യുകെയിൽ നൽകിയ എല്ലാ ആസ്ട്രാസെനക്ക വാക്സിനുകളും ഒരേ ഉൽപന്നമാണെന്നും എൻഎച്ച്എസ് കോവിഡ് പാസിൽ ‘വക്സെവ്രിയ’ എന്ന പേരിലാണ് പ്രത്യക്ഷപ്പെടുന്നതെന്നും അവർ അറിയിച്ചിരുന്നു. ആ സമയത്ത് യൂറോപ്യൻ മെഡിസിൻ ഏജൻസി ആസ്ട്രാസെനെക്ക വാക്സീന് അനുമതി നൽകിയിരുന്നെന്നും യാത്രയെ ബാധിക്കില്ലെന്ന് ഉറപ്പുനൽകിയതായും വകുപ്പ് കൂട്ടിച്ചേർത്തു. ഇന്ത്യൻ നിർമ്മിത ഡോസുകളുടെ ബാച്ച് നമ്പറുകൾ 4120Z001, 4120Z002, 4120Z003 എന്നിങ്ങനെയാണ്.