വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന നി​ഗമനത്തിലേക്ക് അന്വേഷണസംഘം. പ്രതിയായ അഫാന്റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മുത്തശ്ശി സൽമാ ബീവിയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ മാല പണയംവെച്ച് കിട്ടിയ 74,000 രൂപയിൽനിന്ന് 40,000 രൂപ അഫാൻ സ്വന്തം അക്കൗണ്ട് വഴി കടക്കാർക്ക് നൽകിയെന്നും പോലീസിന് വിവരം ലഭിച്ചു. ഇതിനുശേഷമാണ് എസ്.എൻ.പുരത്തെത്തി പിതാവിന്റെ സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തിയത്.

നാട്ടിൽ കുടുംബത്തിന് കടബാധ്യതയും വിദേശത്തുള്ള പിതാവ് സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു. ഉമ്മയുടെ ചികിത്സാ ചെലവും സഹോദരന്റെ വിദ്യാഭ്യാസ ചെലവും കണ്ടെത്താനാകാതെ അഫാൻ ബുദ്ധിമുട്ടിയിരുന്നു. ജോലി ഇല്ലാത്തതും നിത്യച്ചെലവിനുപോലും പണം കണ്ടെത്താനാകാത്തതും സ്നേഹിച്ച പെൺകുട്ടിയെ ഒപ്പം കൂട്ടുന്നതിലുണ്ടായ പ്രതിസന്ധിയും അഫാനെ അസ്വസ്ഥനാക്കി. ഇതിനിടെ കൂട്ട ആത്മഹത്യ ചെയ്യാമെന്ന ആലോചനയിലായിരുന്നു മാതാവ്. ഇതെല്ലാം കൊലപാതകത്തിലേക്ക് അഫാനെ പ്രേരിപ്പിച്ചു എന്നാണ് ഇപ്പോൾ പോലീസിന്റെ നി​ഗമനം.

പിതാവ് റഹീമിന് സൗദിയില്‍ സാമ്പത്തികബാധ്യതകളുള്ളതിനാല്‍ നാട്ടിലേക്കു പണം അയച്ചിരുന്നില്ല. അര്‍ബുദബാധിതയായ മാതാവിന്റെ ചികിത്സയ്ക്കുള്‍പ്പെടെ ചില നാട്ടുകാരില്‍നിന്നും അടുത്ത ബന്ധുക്കളില്‍നിന്നും പണം കടം വാങ്ങിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ താമസിക്കുന്ന വീടു വിറ്റ് കടം വീട്ടാനുള്ള ശ്രമവും അഫാന്‍ നടത്തിയിരുന്നതായും വിവരമുണ്ട്.

വ്യാഴാഴ്ച അഫാനും ഫർസാനയും സ്വർണം പണയം വെച്ചത് കടബാധ്യതകളിൽ ചിലത് തീർക്കാനായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടില്‍ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്നും സൗദിയിലുള്ള കടങ്ങള്‍ മാത്രമേയുള്ളൂവെന്നും സൗദിയില്‍ കച്ചവടം ചെയ്യുന്ന റഹീം പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയെപ്പറ്റിയോ പെണ്‍കുട്ടിയുമായുള്ള ബന്ധത്തെപ്പറ്റിയോ തന്നെ അറിയിച്ചിട്ടില്ലെന്നും റഹീം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, കൃത്യമായ ആസൂത്രണത്തോടെയാണ് കൊലകൾ ഓരോന്നും പ്രതി നടപ്പാക്കിയതെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. ഫർസാനയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുൻപ് സഹോദരനായ അഫ്സാനെ വെഞ്ഞാറമൂട്ടിലേക്ക് കുഴിമന്തി വാങ്ങാൻ അഫാൻ പറഞ്ഞയക്കുകയായിരുന്നു. അഫ്സാൻ ഓട്ടോറിക്ഷയിൽ വെഞ്ഞാറമൂട്ടിൽ എത്തുന്നതിന്റെയും കുഴിമന്തി വാങ്ങുന്നതിന്റേയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഫർസാനയെ കൊലപ്പെടുത്തുന്നതിനായി സഹോദരനെ തന്ത്രപൂർവ്വം വീട്ടിൽനിന്ന് പറഞ്ഞയയ്ക്കുകയായിരുന്നു എന്നാണ് നി​ഗമനം. ഏറ്റവും ഒടുവിൽ അഫാൻ കൊലപ്പെടുത്തിയത് അഫ്സാനെയാണ്. മറ്റു നാലുപേരെ ആക്രമിച്ചശേഷം അഫാൻ മദ്യപിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്. ഫർസാനയെ കാണുന്നതിന് മുൻപ് പത്ത് മിനിറ്റ് ബാറിൽ ചെലവഴിച്ചെന്നാണ് കരുതുന്നത്.

ബാറിൽനിന്ന് മദ്യം വാങ്ങി വീട്ടിലെത്തി വിഷം കലർത്തി കഴിച്ചെന്നാണ് സംശയം. ക്രൂരകൃത്യത്തിലേക്ക് അഫാനെ നയിച്ച കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ചികിത്സയിലുള്ള മാതാവ് ഷെമിക്ക് കഴിയുമെന്നാണ് അന്വേഷണസംഘം വിശ്വസിക്കുന്നത്. പ്രതി അഫാന്റെ മൊഴി രേഖപ്പെടുത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. ഫർസാനയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി അന്വേഷണസംഘം ശേഖരിച്ചു. അഫാന്റെ ബന്ധുക്കളുടെ മൊഴിയും എടുക്കുന്നുണ്ട്. അഫാന്റേയും മാതാവ് ഷെമിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറി.