സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് കാലത്ത് സ്വന്തം ജീവന് വില നൽകാതെ പോരാടിയവരാണ് എല്ലാ എൻ എച്ച് എസ് ജീവനക്കാരും. രോഗപ്രതിരോധ നടപടികളിൽ അവർ രാപകലില്ലാതെ പ്രയത്നിച്ചു. രോഗം ബ്രിട്ടനിൽ നിന്ന് അകലുകയാണെങ്കിലും കുറഞ്ഞ വേതനം ലഭിക്കുന്നവർ ഉൾപ്പടെയുള്ള എൻ എച്ച് എസ് കുടിയേറ്റ തൊഴിലാളികളുടെ തുടർജീവിതം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. എൻ‌എച്ച്‌എസ്, കെയർ മേഖലകളിലെ ചില സ്റ്റാഫുകൾ‌ക്ക് ആഭ്യന്തര ഓഫീസ് ഒരു വർഷത്തെ സൗജന്യ വിസ വിപുലീകരണം നൽകിയിരുന്നു. എന്നാൽ കോവിഡിനെതിരെ പോരാടുന്ന എല്ലാ വിദേശ എൻ‌എച്ച്‌എസ് ജീവനക്കാർക്കും സാമൂഹ്യ പരിപാലന പ്രവർത്തകർക്കും സൗജന്യ വിസ എക്സ്റ്റൻഷൻ നൽകണമെന്ന് ഒരു കൂട്ടം എം‌പിമാർ അഭിപ്രായപ്പെട്ടു. ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന ചില തൊഴിലാളികൾക്ക് രാജ്യത്ത് തുടരാൻ ആയിരക്കണക്കിന് പൗണ്ട് ഈടാക്കുന്നത് അനീതിയാണെന്ന് അവർ വ്യക്തമാക്കി. ഹോം ഓഫീസിലെ വിസ എക്സ്റ്റൻഷൻ ലിസ്റ്റ് തുടക്കത്തിൽ എൻ‌എച്ച്എസ് ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ റേഡിയോഗ്രാഫർമാർ, സോഷ്യൽ കെയർ സ്റ്റാഫുകൾ പോലുള്ള കൂടുതൽ എൻ‌എച്ച്എസ് സ്റ്റാഫുകളെ ഉൾപ്പെടുത്തുന്നതിനായി ഏപ്രിലിൽ ഇത് വിപുലീകരിക്കുകയുണ്ടായി. എന്നാൽ പട്ടികയിൽ ഇപ്പോഴും പോർട്ടർമാർ , ക്‌ളീനർമാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് തുടങ്ങിയവർ ഉൾപ്പെട്ടിട്ടില്ല. കോവിഡ് -19 നെതിരായ പോരാട്ടത്തിൽ അവരുടെ സംഭാവന തിരിച്ചറിയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ക്രോസ്-പാർട്ടി കോമൺസ് ആഭ്യന്തര സമിതി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാ ജീവനക്കാർക്കും സൗജന്യ വിസ എക്സ്റ്റൻഷനുകൾ മന്ത്രിമാർ അനുവദിക്കണമെന്ന് കമ്മിറ്റി ചെയർ യെവെറ്റ് കൂപ്പർ പറഞ്ഞു. “നമ്മുടെ എൻ‌എച്ച്‌എസും സാമൂഹിക പരിപാലന സംവിധാനവും ഈ പ്രതിസന്ധിയിലുടനീളം വിദേശത്തുനിന്ന് എത്തിയവരുടെ സംഭാവനകളെ ആശ്രയിച്ചാണ് നിലകൊണ്ടത്. ” അവർ കൂട്ടിച്ചേർത്തു. കെയർ വർക്കർമാരെയും കുറഞ്ഞ ശമ്പളമുള്ള എൻഎച്ച്എസ് സ്റ്റാഫുകളെയും വിപുലീകരണ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് പല വിമർശനങ്ങൾക്കും വഴിയൊരുക്കുകയാണ്. സർക്കാറിന്റെ ഇമിഗ്രേഷൻ ബില്ലിന് ക്രോസ്-പാർട്ടി പിന്തുണയോടെ ഒരു ഭേദഗതി അവതരിപ്പിക്കുമെന്ന് കൂപ്പർ അറിയിച്ചു. എല്ലാ എൻ‌എച്ച്‌എസ് സ്റ്റാഫുകൾക്കും കെയർ വർക്കർമാർക്കും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് സർക്കാർ കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. വിദേശ ആരോഗ്യ, പരിചരണ തൊഴിലാളികൾക്ക് യുകെയിൽ സ്ഥിരതാമസമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് -19തിന്റെ സമയത്ത് എൻ‌ആർ‌പി‌എഫ് വ്യവസ്ഥകൾ താൽക്കാലികമായി നീക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ഉടൻ ചെയ്യണമെന്ന് സമിതി അറിയിച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വിദേശ ജീവനക്കാർ നടത്തുന്ന കഠിനാധ്വാനത്തിന് ഞങ്ങൾ നന്ദിയുള്ളവരാണെന്ന് സർക്കാർ വക്താവ് പറഞ്ഞു. ഇമിഗ്രേഷൻ സംവിധാനത്തിലുടനീളം ഞങ്ങൾ വിദേശ എൻ‌എച്ച്എസ് തൊഴിലാളികളെയും മറ്റ് യോഗ്യതയുള്ള ആരോഗ്യ പരിപാലന പ്രവർത്തകരെയും പിന്തുണയ്ക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കി.