മലേഷ്യയിൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ച യുവതി, ചെറിയതുറ പുന്നവിളാകം പുരയിടത്തിൽ മെർലിൻ റൂബി(37)യാണെന്നു തിരിച്ചറിഞ്ഞു. കാമുകനെ കൊന്നു പെട്ടിയിലാക്കിയ കേസിലെ പ്രതി ഡോ. ഓമനയാണു മരിച്ചതെന്നു സംശയിച്ചുള്ള പൊലീസ് അന്വേഷണം ഇതോടെ അവസാനിപ്പിച്ചു. കഴിഞ്ഞ 18നു തന്നെ മെർലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചെങ്കിലും ഇക്കാര്യമറിയാതെ, ജഡം ആരുടേതെന്നു കണ്ടെത്താൻ കേരള പൊലീസ് രണ്ടാംവട്ടവും പരസ്യം പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.
മരിച്ച യുവതിയുടെ ബന്ധുക്കളിൽ നിന്ന് ഇന്നലെ ജില്ലാ ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു. 2012ൽ നാട്ടിൽ നിന്നു തൊഴിൽ തേടിപ്പോയ മെർലിൻ റൂബി, മലേഷ്യയിൽ ഇല്ക്ട്രോണിക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ സുബാങ് ജയയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നു വീണു പരുക്കേറ്റു ചികിൽസയ്ക്കിടെ മരിച്ചു. പ്രാഥമിക പരിശോധനയിൽ പാസ്പോർട്ടോ മേൽവിലാസമോ കണ്ടെത്താനാകാത്തതിനാൽ നാലു മാസത്തോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മലയാളിയാണെന്ന സൂചന ലഭിച്ചതോടെ പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ എന്ന സംഘടനയുടെ ഭാരവാഹികൾ ഇടപെട്ടു പേരു കണ്ടെത്തുകയും ഇന്ത്യൻ ഹൈക്കമ്മിഷന്റെ സഹായത്തോടെ കേരള പൊലീസിനെ അറിയിക്കുകയും ചെയ്തു. പത്രങ്ങളിലൂടെയും പിന്നീട് സാമൂഹിക മാധ്യമങ്ങളിലും പൊലീസ് നൽകിയ ചിത്രങ്ങൾ കണ്ടു മെർലിനെ സഹോദരി സോജ തിരിച്ചറിഞ്ഞു. തുടർന്നു ബന്ധുക്കളുമായി ആശയവിനിമയം നടത്തി കഴിഞ്ഞ 18നു പ്രവാസി മലയാളി അസോസിയേഷൻ മുൻകയ്യെടുത്തു മൃതദേഹം നാട്ടിലെത്തിക്കുകയും അന്നു തന്നെ വലിയതുറ സെന്റ് ആന്റണീസ് ദേവാലയത്തിൽ സംസ്കരിക്കുകയും ചെയ്തു.
എന്നാൽ, ഇതിനിടെ വീണ്ടും ഹൈക്കമ്മിഷനിൽ നിന്നുള്ള ഓർമപ്പെടുത്തൽ കത്തു ലഭിച്ച തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ആകട്ടെ, സംസ്കരിച്ച വിവരം അറിയാതെ അജ്ഞാത മൃതദേഹം തിരിച്ചറിയുന്നതിനായി ബുധനാഴ്ച വീണ്ടും പരസ്യം നൽകി. പരസ്യംകണ്ട തളിപ്പറമ്പ് പൊലീസാണു രൂപസാദൃശ്യം കണക്കിലെടുത്തു മരിച്ചതു ഡോ. ഓമനയായിരിക്കാം എന്ന സംശയത്തിൽ അന്വേഷണം തുടങ്ങിയത്.
അതേസമയം, മെർലിന്റെ മരണത്തിനു വ്യക്തമായ കാരണമെന്തെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരി സോജ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ മകന്റെ ജന്മദിനത്തിനു നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല. അപകടത്തിൽപെടുന്നതിന്റെ തലേന്നു ചെന്നൈയിലുള്ള ഭർത്താവ് സന്തോഷിനെ വിളിച്ചിരുന്നു. പിന്നെ ഫോണിൽ കിട്ടാതായി, മെർലിന്റെ സമ്പാദ്യത്തെക്കുറിച്ചും അറിയിപ്പൊന്നുമില്ല. പരേതനായ റൂബിയുടെയും എൽജിന്റെയും മകളാണ് മെർലിൻ. മകൻ ജാക്സൺ വലിയതുറ സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്.
Leave a Reply