ചാത്തന്നൂര്‍ ഇത്തിക്കര കൊച്ചുപാലത്തില്‍ നിന്നും ബുധനാഴ്ച ആറ്റില്‍ ചാടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ പാലത്തിന് സമീപത്ത് നിന്നും ഫയര്‍ഫോഴ്സും സ്‌കൂബ സ്‌ക്വാഡും ചേര്‍ന്ന് കരയ്ക്കെടുത്തു. പരവൂര്‍ കോട്ടപ്പുറം കൊഞ്ചിന്റഴികം വീട്ടില്‍ മോഹനന്‍ പിള്ളയുടെയും ലീലയുടെയും മകന്‍ മനു (26), പരവൂര്‍ പുക്കുളം സുനാമി ഫ്ളാറ്റില്‍ ഷംസുദീന്‍-ഷെമീമ ദമ്പതികളുടെ മകളും പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച പരേതനായ വിഷ്ണുവിന്റെ ഭാര്യയുമായ സുറുമി (23) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെടുത്തത്.

പുറ്റിങ്ങല്‍ വെടിക്കെട്ടില്‍ മരിച്ച വിഷ്ണുവിന്റെ ഭാര്യയാണ് സുറുമി. വിഷ്ണുവിന്റെ സുഹൃത്തായിരുന്നു മനു. വിഷ്ണുവിന്റെ മരണശേഷം മനുവും സുറുമിയും അടുപ്പത്തിലായി. ഇരു മതവിഭാഗങ്ങളില്‍പ്പെട്ടവരായതില്‍ ഒന്നിച്ചുള്ള ജീവിതം സാധ്യമാകുമോയെന്ന സംശയം ഇവര്‍ക്കുണ്ടായിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതായാണു പോലീസ് നല്‍കുന്ന സൂചന. ബുധനാഴ്ച രാത്രി ഒമ്പതേമുക്കാലോടെ ഇത്തിക്കര കൊച്ചു പാലത്തിനടുത്തു നിന്നാണ് ഇവര്‍ ഇത്തിക്കരയാറ്റിലേക്ക് ചാടിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാലത്തിനടുത്ത് ഒരു സ്‌കൂട്ടറും, മൊബൈല്‍ ഫോണും, പാസ്പോര്‍ട്ടും, തിരിച്ചറിയല്‍ രേഖകളും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി പണം അടച്ചതിന്റെ രസീതും, മൂവായിരത്തോളം രുപയും വച്ചിട്ടുണ്ടായിരുന്നു. പാലത്തില്‍ നിന്നും ആരോ ആറ്റില്‍ ചാടിയിട്ടുണ്ടെന്ന സംശയത്തില്‍ പ്രദേശവാസികള്‍ ചാത്തന്നൂര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ ചാത്തന്നൂര്‍ പോലിസും പരവൂര്‍ ഫയര്‍ഫോഴ്സും സ്‌ക്യൂബ സ്‌ക്വാഡും ചേര്‍ന്ന് തെരച്ചില്‍ നടത്തി. പെയിന്റിംഗ് തൊഴിലാളിയായ മനുവും സുറുമിയും പ്രണയത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറത്തു പോയ സുറുമി ഉച്ചയോടെ തിരികെയെത്തി സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തു കൊണ്ടുപോയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സുറുമിയുടെ മകന്‍ വൈഷ്ണവ് (നാല്). ബിനുവാണ് മനുവിന്റെ സഹോദരന്‍. ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്, എസ്‌ഐ എ.സരിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചാത്തന്നൂര്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.