മദ്യലഹരിയില്‍ വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചും അമിത വേഗതയിലും പാഞ്ഞ് എടുത്തത് 22കാരന്റെ ജീവന്‍. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ചെര്‍പ്പുളശ്ശേരി നെല്ലായ മാരായമംഗലം കീഴ്‌ശ്ശേരിയില്‍ റയാനെ(45) പോലീസ് അറസ്റ്റ് ചെയ്തു.

കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് നെയ്തലയില്‍ ബൈക്ക് യാത്രക്കാരന്‍ നാട്ടുകല്‍ പണിക്കര്‍ക്കളം രതീഷ് (പാപ്പു-22)ആണ് റയാന്റെ പരാക്രമത്തില്‍ മരണപ്പെട്ടത്. സംഭവത്തില്‍, ഇയാള്‍ക്കെതിരേ മനഃപൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുത്തു. കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കസബ ഇന്‍സ്‌പെക്ടര്‍ പറയുന്നു.

ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. നാട്ടുകല്‍ പണിക്കര്‍ക്കളം അപ്പുക്കുട്ടന്റെയും പഞ്ചവര്‍ണത്തിന്റെയും മകനായ രതീഷ് മീനാക്ഷിപുരം ഐടിഐയില്‍ പഠനം പൂര്‍ത്തിയാക്കി തുടര്‍പഠനത്തിന് കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത മരണം. കൃഷിക്കാരനായ റയാന്‍ കൊഴിഞ്ഞാമ്പാറയില്‍നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചത്.

അമിതവേഗത്തിലായിരുന്ന കാര്‍ കൊഴിഞ്ഞാമ്പാറ സൂര്യപ്പാറയില്‍ രണ്ടു ബൈക്കുകളില്‍ ഇടിച്ചു. തുടര്‍ന്ന് എലപ്പുള്ളി ഭാഗത്തേക്ക് സഞ്ചരിച്ച കാര്‍ നോമ്പിക്കോട്ട് മറ്റൊരു ബൈക്കിലിടിച്ചു. തുടര്‍ന്ന് നെയ്തലയില്‍വെച്ച് മൂന്ന് വാഹനങ്ങളിലിടിക്കുകയും ചെയ്തു. പിക്കപ്പ് വാനിലും കാറിലുമിടിച്ചെങ്കിലും യാത്രികര്‍ സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് കസബ പോലീസ് പറയുന്നു.

എന്നാല്‍, നെയ്തലയില്‍വെച്ചുതന്നെ കാറിടിച്ച ബൈക്ക് യാത്രികന്‍ മരണപ്പെടുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ എതിരേവന്ന മറ്റൊരു കാറിലും പിക്കപ്പ് വാനിലും ഇടിച്ചശേഷം തിരിയുന്നതിനിടെയാണ് രതീഷ് സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ചുകയറിയത്. അതിദാരുണമായ അപകടമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. പാലക്കാട് കോടതിയില്‍ ഹാജരാക്കിയ റയാനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.