റഷ്യയും പാശ്ചാത്യ ലോകവും തമ്മില്‍ പുതിയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടന് പ്രതിരോധ വിദഗ്ദ്ധന്റെ മുന്നറിയിപ്പ്. പ്രതിരോധ മേഖലയില്‍ മതിയായ നിക്ഷേപം നടത്താത്തതിനാല്‍ ശീതയുദ്ധ സമയത്തെ അതേവിധത്തിലുള്ള ഭീഷണിയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് വിദഗ്ദ്ധനായ ജൂലിയന്‍ ലൂയിസ് പറഞ്ഞു. മൂന്നാം ലോകമഹായുദ്ധത്തിന്റെ നിഴലില്‍ ലോകം നില്‍ക്കുമ്പോള്‍ നാറ്റോ നിര്‍ദേശിച്ചിരിക്കുന്ന 2 ശതമാനം മിനിമം സൈനികഫണ്ട് പോലും വെട്ടിക്കുറച്ചിരിക്കുകയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.
കോമണ്‍സിലെ ഒട്ടു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഡിഫന്‍സ് ബജറ്റ് വര്‍ദ്ധിപ്പിക്കാനാണ് ആവശ്യപ്പെടുന്നത്. അതേ സമയം ഡിഫന്‍സ് കമ്മിറ്റി ഇത് ചെവിക്കൊള്ളുന്നില്ല. ജിഡിപിയുടെ രണ്ട് ശതമാനമാണ് പ്രതിരോധത്തിനായി വകയിരുത്തിയിരിക്കുന്നതെന്നാണ് 2016ലെ റിപ്പോര്‍ട്ട് പറയുന്നത്. ശീതയുദ്ധകാലത്ത് ജിഡിപിയുടെ 4.5-5 ശതമാനത്തിനിടയിലായിരുന്നു ഡിഫന്‍സിനായി നീക്കിവെച്ചിരുന്നത്. ശീതയുദ്ധത്തിനൊടുവില്‍ 90കളില്‍ ചെലവു ചുരുക്കലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പോലും 3 ശതമാനം തുക വകയിരുത്തിയിരുന്നു.
ഇപ്പോള്‍ രാജ്യ സുരക്ഷ അപകടത്തിലാണെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. ശീതയുദ്ധകാലത്തേക്കാള്‍ മോശം അവസ്ഥയാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വെറും രണ്ട് ശതമാനം മാത്രമാണ് നിക്ഷേപം. ഇത് ഒട്ടും മതിയാവില്ല. തീവ്രവാദമായിരുന്നു അടുത്തകാലം വരെയുള്ള ഭീഷണിയെങ്കില്‍ രാജ്യങ്ങള്‍ ഭീഷണിയാകുന്ന സ്ഥിതിവിശേഷം വീണ്ടും ഉടലെടുത്തിരിക്കുകയാണ്. ഇവയുടെ രണ്ടിന്റെയും ഒരുമിച്ചുള്ള ആക്രമണം 1980കളില്‍ റഷ്യയുടെയും ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെയും ഭാഗത്തു നിന്നുണ്ടായതാണ് അവസാന അനുഭവമെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ ആക്രമണത്തിന് അമേരിക്ക, ഫ്രാന്‍സ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന ബ്രിട്ടീഷ് നടപടിയുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്.
Leave a Reply