ഐവിഎഫ് മാര്‍ഗത്തിലൂടെ ജനിച്ച കുട്ടികും അവരുടെ അമ്മമാരും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് കാര്യമായ ശ്രദ്ധ കൊടുക്കാത്തതിനാല്‍ അവയെക്കുറിച്ച് ആര്‍ക്കും കാര്യമായ ജ്ഞാനമില്ലെന്ന് മുന്‍നിര ഫെര്‍ട്ടിലിറ്റി ഡോക്ടറും ക്രിയേറ്റ് ഫെര്‍ട്ടിലിറ്റിയുടെ സ്ഥാപകയും മെഡിക്കല്‍ ഡയറക്ടറുമായ പ്രൊഫ.ഗീത നാര്‍ഗുണ്ട്, എംപിയായ സിയോബെയിന്‍ മക്‌ഡോണാ എന്നിവര്‍ പറയുന്നു. ഫെര്‍ട്ടിലിറ്റി ഡേറ്റാബേസ് എന്‍എച്ച്എസില്‍ ലയിപ്പിക്കുന്നതിനായി ഹ്യൂമന്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് എംബ്രിയോളജി ആക്ടില്‍ ഭേദഗതി വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ 62 ശതമാനം ഐവിഎഫ് ചികിത്സകളും പ്രൈവറ്റ് ക്ലിനിക്കുകളിലാണ് നടക്കുന്നത്.
എന്നാല്‍ ഈ ക്ലിനിക്കുകള്‍ അവരുടെ വിവരങ്ങള്‍ എന്‍എച്ച്എസിന് കൈമാറാന്‍ തയ്യാറാകുന്നില്ല. ചികിത്സക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് എന്തൊക്കെ മരുന്നുകളാണ് നല്‍കുന്നതെന്ന വിവരവും ഇവര്‍ കൈമാറുന്നില്ല. ചികിത്സക്കു ശേഷം അമ്മമാരോ കുട്ടികളോ തുടര്‍ പരിശോധനകള്‍ക്ക് വിധേയരാക്കപ്പെടുന്നില്ലെന്നും അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന കാര്യത്തില്‍ ആരും പരിശോധന നടത്തുന്നി ല്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഐവിഎഫിന് വിധേയരായവരില്‍ കോളോ-റെക്ടല്‍ ക്യാന്‍സര്‍, ഓവേറിയന്‍ ട്യൂമറുകള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവ കാണപ്പെടുന്നതായി വിദേശങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു.
ഐവിഎഫിന് വിധേയരായ 90 ശതമാനം സ്ത്രീകളിലും വിഷാദരോഗം കണ്ടെത്തിയതായി തെളിവുകളുണ്ട്. ഇവരില്‍ 42 ശതമാനം പേര്‍ ആത്മഹത്യാ പ്രവണതയുള്ളവരാണെന്നും വ്യക്തമായിട്ടുണ്ട്. ഐവിഎഫ് കുട്ടികള്‍ മാസം തികയാതെ പിറക്കാനും ഭാരം കുറഞ്ഞവരാകാനും സാധ്യതയുള്ളവരാണ്. ഹൃദ്രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ആണ്‍കുട്ടികള്‍ മുതിരുമ്പോള്‍ വന്ധ്യത എന്നീ പ്രശ്‌നങ്ങളും കാണാറുണ്ട്. ഐവിഎഫ് മൂലമുണ്ടാകുന്ന ഈ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കൃത്യമായ ഡേറ്റയില്ലാതെ കഴിയില്ലെന്നാണ് പ്രൊഫ.ഗീതയും മക്‌ഡോണ എംപിയും പറയുന്നത്. ഐവിഎഫ് കുട്ടികള്‍ക്ക് പിന്നീട് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കാര്യം ഈ മാസമാണ് പുറത്തു വന്നത്. അതുകൊണ്ടുതന്നെ ഐവിഎഫുകാരിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു കേന്ദ്രീകൃത ഡേറ്റാബേസ് ആവശ്യമാണെന്ന് ഇവര്‍ പറയുന്നു.
Leave a Reply