ന്യൂകാസില്‍: ത്രീ പേരന്റ് ബേബികള്‍ അഥവാ മൂന്ന് മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന കുട്ടികള്‍ എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാകുന്നു. ബ്രിട്ടനില്‍ ആദ്യമായി മൂന്ന് മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളുടെ ജനനത്തിന് നിയമപരമായ അനുവാദം ലഭിച്ചു. ന്യൂകാസിലിലെ ഡോക്ടര്‍മാര്‍ക്കാണ് ഇതിനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ചികിത്സയില്ലാത്തതും അതീവ ഗുരുതരവുമായ ജനിതകരോഗമുള്ള രണ്ട് സ്ത്രീകള്‍ക്കാണ് ഈ ചികിത്സ നടത്തുക. ഇവരുടെ കുട്ടികള്‍ക്കും രോഗം പകര്‍ന്നു നല്‍കാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഈ രീതിയില്‍ ഐവിഎഫ് സമ്പ്രദായത്തിലൂടെ ബീജസങ്കലനം നടത്തി സൃഷ്ടിക്കുന്ന ഭ്രൂണങ്ങളില്‍ മറ്റൊരു സ്ത്രീ ദാതാവിന്റെ ഡിഎന്‍എ യോജിപ്പിക്കുകയാണ് ചെയ്യുക.

ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റി (HFEA) വ്യാഴാഴ്ചയാണ് ഇതിന് അംഗീകാരം നല്‍കിയതായി അറിയിച്ചത്. ഇതിനായി ന്യൂകാസില്‍ ക്ലിനിക്കില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റീപ്രൊഡക്ടീവ് ബയോളജി പ്രൊഫസര്‍ മെരി ഹെര്‍ബര്‍ട്ടും സംഘവും മേല്‍നോട്ടം വഹിക്കും. മൈറ്റോകോണ്‍ട്രിയല്‍ ഡൊണേഷന്‍ തെറാപ്പിയെന്ന ഈ രീതിക്ക് ബ്രിട്ടനില്‍ ആദ്യമായാണ് അരങ്ങൊരുങ്ങുന്നത്. 2015ല്‍ ഇത് നിയമവിധേയമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ന്യൂകാസില്‍ സെന്ററിന് ഇതിനായുള്ള ലൈസന്‍സ് ലഭിച്ചത്.

ചികിത്സക്ക് വിധേയരാകുന്നവരേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മയോക്ലോണിക് എപ്പിലെപ്‌സി, അഥവാ മെര്‍ഫ് സിന്‍ഡ്രോം എന്ന ജനിതക രോഗമുള്ളവരാണ് ഈ സ്ത്രീകള്‍. ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കാണുന്ന ഈ രോഗം അകാല മരണങ്ങള്‍ക്ക് കാരണമാകാറുണ്ട്. പെട്ടെന്നുണ്ടാകുന്ന അപസ്മാരവും പേശികളിലുള്ള നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയും ക്ഷീണം, ബധിരത, ഓര്‍മനാശം മുതലായ അവസ്ഥകളും ഈ രോഗം മൂലമുണ്ടാകാം. ഈ രോഗമുള്ളവരുടെ കുട്ടികള്‍ക്കു ഇത് പാരമ്പര്യമായി ലഭിക്കാറുണ്ട്. ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.