ബിന്‍സു ജോണ്‍
യുകെയിലെ കുടിയേറ്റ വിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സാമൂഹിക നീതി ഉറപ്പ് വരുത്തുന്നതിനായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (ഗ്രേറ്റ് ബ്രിട്ടന്‍) ഇന്നലെ വീണ്ടും പാര്‍ലമെന്റ് ലോബിയിംഗ് നടത്തി. യൂറോപ്യന്‍ യൂണിയന്‍ പുറത്ത് നിന്നും യുകെയിലേക്ക് കുടിയേറിയെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജന സമൂഹത്തിന് വേണ്ടിയും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ശബ്ദമുയര്‍ത്തുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന പ്രഖ്യാപനം കൂടിയായി ഐഡബ്ല്യുഎ നിരന്തരമായി നടത്തുന്ന സമര പോരാട്ടം.
നഴ്സിംഗ് രംഗത്ത് ഐഇഎല്‍ടിഎസിന്‍റെ പേരില്‍ നടക്കുന്ന വിവേചനത്തിനെതിരെ ലോബിയിംഗ് നടത്തി ജനപ്രതിനിധികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റൊരു വിവേചനം മുന്‍നിര്‍ത്തി ഇന്നലെ വീണ്ടും ലോബിയിംഗ് നടത്തിയത്. ഇപ്പോഴത്തെ നിയമമനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന്‍ യുകെയിലേക്ക് കുടിയേറിയവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെ യുകെയിലേക്ക് കൊണ്ട് വരണമെങ്കില്‍ കുറഞ്ഞത് 18600 പൗണ്ട് വാര്‍ഷിക വരുമാനം വേണമെന്ന നിബന്ധനയാണ് ഉള്ളത്. ജീവിത പങ്കാളിക്കൊപ്പം ഒരു കുട്ടി കൂടിയുണ്ടെങ്കില്‍ ഇത് 22600ഉം രണ്ട് കുട്ടികള്‍ ഉണ്ടെങ്കില്‍ 25000ഉം ആണ്. പിന്നീടുള്ള ഓരോ കുട്ടിയ്ക്കും ഇതിനൊപ്പം 2400 പൗണ്ട് വീതം അധിക വരുമാനം ഉണ്ടായിരിക്കണം.
25 വയസ്സിന് മേല്‍ പ്രായമുള്ളവരുടെ കുറഞ്ഞ വേതനം മണിക്കൂറിനു 07.20 പൗണ്ടായി വരുന്ന ഏപ്രില്‍ മുതല്‍ വര്‍ദ്ധിക്കാനിരിക്കുകയാണ്. ആ നിലയിലേക്ക് എത്തിയാല്‍ കൂടി ഒരു മുഴുവന്‍ സമയ ജോലിക്കാരന്റെ വാര്‍ഷിക വരുമാനം എന്ന്‍ പറയുന്നത് 15000 പൗണ്ടില്‍ താഴെ മാത്രം ആയിരിക്കും. അതായത് തങ്ങളുടെ കുടുംബത്തോടൊപ്പം ഒരു ജീവിതം ഇവര്‍ക്ക് സാദ്ധ്യമല്ല എന്നര്‍ത്ഥം. ബ്രിട്ടനിലെ തൊഴിലാളികളില്‍ 43% 18600 പൗണ്ടില്‍ താഴെ മാത്രം വാര്‍ഷിക വരുമാനം ഉള്ളവര്‍ ആണെന്ന്‍ കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ ഇതിന്‍റെ ഭീകരത വ്യക്തമാകും. അതായത് സാധാരണക്കാരായ ആളുകള്‍ക്ക് കുടുംബ ജീവിതം നിഷേധിക്കുന്ന തരത്തിലുള്ള ഒരു കരിനിയമം ആണ് ഇപ്പോള്‍ ഉള്ളത് എന്ന് വ്യക്തം. 18000ല്‍ അധികം അപേക്ഷകള്‍ ഓരോ വര്‍ഷവും ഇക്കാരണത്താല്‍ തള്ളിക്കളയുന്നു എന്ന്‍ ഹോം ഓഫീസിന്‍റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഈ നിയമം ഉള്‍പ്പെടെയുള്ള പല നിയമങ്ങളും ലക്‌ഷ്യം വയ്ക്കുന്നത് യൂറോപ്യന്‍ യൂണിയന് വെളിയില്‍ നിന്നുള്ളവരെയാണ് എന്നുള്ളിടത്താണ് വ്യക്തമായ വിവേചനം (discrimination) വരുന്നത്. എല്ലാത്തരം വിവേചനങ്ങള്‍ക്കും എതിരെ വാ തോരാതെ പ്രസംഗിക്കുന്ന ഈ രാജ്യത്ത് തന്നെയാണ് ഇത്തരം വിവേചന പരമായ നിയമങ്ങള്‍ പ്രാബല്യത്തിലുള്ളത് എന്നതും തികച്ചും വിരോധാഭാസം ആണ്. അത് കൊണ്ട് തന്നെയാണ് ഈ വിവേചനം അവസാനിപ്പിക്കുക എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തി ഏകദേശം 90 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (ഗ്രേറ്റ് ബ്രിട്ടന്‍) സമര രംഗത്തുള്ളത്.
കുടുംബ ജീവിതത്തിനും സ്വകാര്യതയ്ക്കും സംരക്ഷണം നല്‍കുന്ന യൂറോപ്യന്‍ കണ്‍വെന്ഷന്‍റെ മനുഷ്യാവകാശ നയത്തിന് എതിരായ ഈ വിവേചനത്തിനെതിരെ സുപ്രീം കോടതിയില്‍ നിയമയുദ്ധം നടത്തുന്നതിനൊപ്പം ആണ് ഐഡബ്ല്യുഎ ഈ വിഷയം പാര്‍ലമെന്റിനു മുന്‍പിലും എത്തിക്കുന്നത്. കീത്ത് വാസ് എം.പി, സീമ മല്‍ഹോത്ര എം.പി, ഡാനിയേല്‍ ഷേയ്സ്നര്‍ എം.പി. തുടങ്ങിയവര്‍ പാര്‍ലമെന്റ് ലോബിയിംഗിനു നേതൃത്വം നല്‍കി.
പാര്‍ലമെന്റില്‍ നടന്ന ലോബിയിംഗിനു ശേഷം ഐഡബ്ല്യുഎ നേതാക്കളായ ജോഗീന്ദര്‍ ബെയിന്‍സ്, രജീന്ദര്‍ കുമാര്‍, ദയാല്‍ ബാഗ്രി, ഇബ്രാഹിം വക്കുളങ്ങര എന്നിവരടങ്ങിയ സംഘം നമ്പര്‍ 10 ഡൌണിംഗ് സ്ട്രീറ്റിലെത്തി ആയിരകണക്കിന് ആളുകള്‍ ഒപ്പിട്ട നിവേദനവും നല്‍കി.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന് വെളിയിലുള്ളവരോട് ബ്രിട്ടീഷ് ഗവണ്മെന്റ് കാണിക്കുന്ന ഈ ചിറ്റമ്മ നയത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ലോബിയിംഗില്‍ പങ്കെടുക്കാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയെയും ജോലിയും കുടുംബവും നല്‍കുന്ന തിരക്കുകളെയും ഒന്നും വകവയ്ക്കാതെ നിരവധി മലയാളികളും ഇന്നലെ നടന്ന സമരത്തില്‍ പങ്കെടുത്തിരുന്നു. സുഗതന്‍ തെക്കെപ്പുര, രാജേഷ് കൃഷ്ണ, ഇബ്രാഹിം വക്കുളങ്ങര, ജിജി നാട്ടശ്ശേരി, ഹാരിസ് പുന്നടിയില്‍, റസ്സല്‍ ഫൈസല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു മലയാളികള്‍ ഈ സമരത്തിന്‍റെ ഭാഗമായത്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം ആളുകളെ ബാധിക്കുന്ന തരത്തിലുള്ള പല വിവേചന നിയമങ്ങളും നിരന്തരം ആവിഷ്കരിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെയും വരും തലമുറയുടെയും സുരക്ഷയെ കരുതി നാം ഉറക്കം വെടിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തിന് വേണ്ടി ഐഡബ്ല്യുഎ നടത്തുന്ന ഈ സമരത്തിന് ധാര്‍മ്മികമായും അല്ലാതെയുമുള്ള പിന്തുണ നല്‍കാന്‍ ഇനിയും നമ്മള്‍ മടിച്ച് നില്‍ക്കരുത്.