തിരുവനന്തപുരം : ഇന്ത്യയിലാദ്യമായി വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയ യുവതിയ്ക്ക് നേരെ ഒരു സംഘത്തിന്റെ വധഭീഷണി. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം വണ്ടൂരില്‍ ജുമാ നിസ്ക്കാരത്തിന് നേതൃത്വം നല്‍കിയ ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജാമിദ ടീച്ചര്‍ക്ക് നേരെയാണ് സോഷ്യല്‍ മീഡിയ വഴി വധഭീഷണിയുണ്ടായത്. എന്നാല്‍ തിരിച്ചടികള്‍ തിരിച്ചറിവുകള്‍ക്കുള്ള പാഠമാണെന്നും തന്റെ ഉദ്യമത്തില്‍ നിന്നും പിന്നോട്ടില്ലെന്നുമാണ് ടീച്ചറുടെ പ്രതികരണം.
തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജീവനോടെ കത്തിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. താന്‍ ഇസ്ലാമിനെ അവഹേളിച്ചെന്നും ഇനി ജീവിക്കാന്‍ അവകാശമില്ലെന്നും ചിലര്‍ ഭീഷണിപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ തനിക്ക് ഭയമില്ല. എന്നാല്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൂടി ഭീഷണി മുഴക്കുന്നവര്‍ ഭീരുക്കളാണെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെടാനില്ലെന്നും ടീച്ചര്‍ വ്യക്തമാക്കി. സ്ത്രീകള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കുന്നത് വരും ദിവസങ്ങളില്‍ മറ്റിടങ്ങളലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിദ പറഞ്ഞു.
എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന ജുമുഅ നമസ്കാരങ്ങള്‍ക്ക് പുരുഷന്മാരാണു നേതൃത്വം നല്‍കാറുള്ളത്. എന്നാല്‍ ആ രീതി തെറ്റിച്ചാണ് ജാമിദ നമസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. അമേരിക്കയിലെ നവോത്ഥാന മുസ്ലീം വനിതാ നേതാവ് ആമിന വദൂദ് ആണ് ഇതിനു മുമ്പ് ജുമാമസ്കാരത്തിന് നേതൃത്വം നല്‍കിയ ആദ്യ വനിത.
Leave a Reply