ഡബ്ലിൻ: യൂറോപ്പ് മലയാളികളെ മരണം വിടാതെ പിന്തുടരുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ യുകെയിൽ ഏഴു പേരാണ് മരിച്ചത്. ഇപ്പോൾ ഇതാ അയർലണ്ടിൽ നിന്നും ഒരു ദുഃഖവാർത്ത. അയർലണ്ടിലെ കില്‍ക്കെനിയിലെ താമസക്കാരിയും ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ സജീവ പ്രവര്‍ത്തകയുമായ കോട്ടയം മെഡിക്കല്‍ കോളജ് (കുടമാളൂര്‍) സ്വദേശിനി ചിറ്റേട്ട് ജാക്വിലിന്‍ ബിജു (43) നിര്യാതയായി. കോട്ടയം കുടമാളൂര്‍ ചിറ്റേട്ട് ബിജുവിന്റെ (കോട്ടയം ബിജു) ഭാര്യയാണ്. രാമപുരം സ്വദേശിനിയായ ജാക്ക്വിലിന്‍ കഴിഞ്ഞ കുറെ വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.
രാമപുരത്തിനടുത്തുള്ള നീറന്താനം ഇടവകയിലെ കണിപ്പള്ളിൽ കുഴിക്കാട്ട് വീട്ടിലെ അംഗമാണ് പരേതയായ ജാക്ക്വലിൻ. ഇമ്മാനുവേൽ-മേരിക്കുട്ടി ദമ്പതികൾക്ക് അഞ്ച് മക്കളാണ് ഉള്ളത്. ജാൻസി, ജോൺസൻ, ജോഷി, ജൂലിയസ് എന്നിവരാണ് പരേതയുടെ സഹോദരങ്ങൾ.
കില്‍ക്കെനി സെന്റ് ലൂക്ക്‌സ് ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് പുലര്‍ച്ചേ നാലരയോടെയായിരുന്നു മരണം സംഭവിച്ചത്. കില്‍ക്കെനി സെന്റ് ലുക്ക്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു ജാക്വിലിന്‍. ജോയല്‍ (ജൂനിയര്‍ സെര്‍ട്ട് വിദ്യാര്‍ത്ഥി) നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോവാന്‍ , നോയല്‍ (4 ) ജോസ്ലിന്‍ (2) എന്നിവരാണ് മക്കള്‍.
കില്‍ക്കെനിയിലെ മലയാളി സമൂഹത്തിന്റെ സജീവഭാഗമായിരുന്ന ജാക്വിലിന്റെ നിര്യാണവാര്‍ത്തയറിഞ്ഞ് കില്‍ക്കെനിയിലെയും സമീപ പ്രദേശങ്ങളിൽ ഉള്ള നിരവധിയായ മലയാളി സുഹൃത്തുക്കൾ പുലര്‍ച്ചെ തന്നെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ അയര്‍ലണ്ടിലെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ജാക്വലിന്റെ നിര്യാണവാര്‍ത്തയറിഞ്ഞ് ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ നിരവധി പ്രവര്‍ത്തകരും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കില്‍ക്കെനിയില്‍ എത്തിക്കഴിഞ്ഞു.
ജാക്വിലിന്‍ ബിജുവിന്റെ സംസ്‌കാരശുശ്രൂഷകള്‍ നാളെ ഉച്ചകഴിഞ്ഞ് 2.30 ന്കില്‍ക്കെനിയിലെ ഡീന്‍ സ്ട്രീറ്റിലുള്ള സെന്റ് കനിസസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് പരേതയുടെ ഭൗതീകദേഹം ഫ്രഷ് ഫോര്‍ഡ് റോഡിലുള്ള വസതിയില്‍ (36,ടാല്‍ബോട്ട് ഗേറ്റ് ) എത്തിയ്ക്കും. നാളെ രാവിലെ 10 മണി വരെ ജാക്വിലിന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്.
Leave a Reply