ഡബ്ലിൻ: അയർലണ്ടിലെ കില്‍ക്കെനിയിൽ  നിര്യാതയായ  മലയാളി നഴ്‌സ് ജാക്വിലിന്‍ ബിജുവിന് അയര്‍ലണ്ടിലെ മലയാളി സമൂഹംത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്നലെ ഉച്ചകഴിഞ്ഞ് പരേതയുടെ ഭൗതീകദേഹം ഫ്രഷ് ഫോര്‍ഡ് റോഡിലുള്ള വസതിയില്‍ എത്തിച്ചപ്പോള്‍ മുതല്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പേര്‍ ജാക്വിലിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഒഴുകിയെത്തി.

ശനിയാഴ്ച്ച വൈകിട്ട് നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഗോള്‍വേ സീറോ മലബാര്‍ ചര്‍ച്ച് ചാപ്ല്യന്‍ ഫാ.ജോസ് ഭരണികുളങ്ങര നേതൃത്വം നല്‍കി. കില്‍ക്കെനി സീറോ മലബാര്‍ സമൂഹത്തിന്റെയും, ജീസസ് യൂത്തിന്റെ  പ്രതിനിധികളും, വിവിധ സഭാ വിഭാഗങ്ങളിലെ വൈദീകരും പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ സെന്റ് കനിസസ് കത്തീഡ്രല്‍ പള്ളിയ്ക്ക് സമീപമുള്ള ഫ്യുണറല്‍ ഹോമിലെത്തിച്ച മൃതദേഹത്തില്‍ കില്‍ക്കെനിയിലെയും, അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളി സമൂഹത്തിന്റെ പ്രതിനിധികള്‍ ആദരാഞ്ചലികൾ അര്‍പ്പിച്ചു.മതബോധന അധ്യാപകയായും, ഗായക ടീമിലെ അംഗമായും ഏവര്‍ക്കും പ്രിയപ്പെട്ട ജാക്വിലിന്റെ അകാല വിയോഗത്തില്‍ മനംനൊന്ത കില്‍ക്കെനി മലയാളി സമൂഹം ഒന്നടങ്കം സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുത്തു. ജോയലിന്റെയും, ജോവാന്റെയും സഹപാഠികളും അധ്യാപകരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സെന്റ് ലുക്ക്‌സ് ഹോസ്പിറ്റലില്‍ നിന്നുള്ള നിരവധി സഹപ്രവര്‍ത്തകരും പ്രിയ കൂട്ടുകാരിയുടെ അന്ത്യയാത്രക്ക് എത്തിയിരുന്നു.

രണ്ടരയോടെ മൃതദേഹം വിലാപയാത്രയായി സെന്റ് കനീസിസ് ദേവാലയത്തിലേക്ക് കൊണ്ട് വന്നു. തുടര്‍ന്ന് സീറോ മലബാര്‍ റീത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ റവ.ഡോ ക്ലമന്റ് പാടത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികനായിരുന്നു.

കില്‍ക്കെനി സീറോ മലബാര്‍ ചര്‍ച്ച് ചാപ്ല്യന്‍ ഫാ.മാര്‍ട്ടിന്‍ പൊറേക്കാരന്‍, ജീസസ് യൂത്ത് അയര്‍ലണ്ട് ഡയറക്ടര്‍ ഫാ.ടോമി പാറാടിയില്‍, ഫാ.പോള്‍ തെറ്റയില്‍ (കോര്‍ക്ക്) റവ.ഡോ.ഡേവിഡ് കാംപ്റ്റന്‍, ഫാ.റോബിന്‍ തോമസ് (ലീമെറിക്ക്) ഫാ.ദാസ് (ഡബ്ലിന്‍)എന്നിവര്‍ സഹകാര്‍മികരായിരുന്നു.കത്തീഡ്രല്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വിലാപയാത്ര വാട്ടര്‍ഫോഡ് റോഡിലുള്ള ഫോക്‌സ്ടൗണ്‍ സെമിട്രിയിലേയ്ക്ക് നീങ്ങി. പിറന്ന മണ്ണിൽ നിന്നും വളരെ ദൂരെ അയര്‍ലണ്ടിന്റെ കുടിയേറ്റമണ്ണില്‍ അന്ത്യവിശ്രമത്തിയിലേയ്ക്ക്… ഒരു പ്രവാസിയായി ഇവിടെ എത്തിയ ഈ രാമപുരംകാരി പ്രവാസി മണ്ണിനെ പുൽകിയപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ പ്രായമാകാത്ത കുഞ്ഞു മക്കളുടെ മുഖഭാവം ജാക്ക്വലിന്റെ കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും വേദന ഇരട്ടിപ്പിച്ചു. എല്ലാം കാണുന്ന ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ഉള്ളുരുകിയുള്ള പ്രാത്ഥനയോടെ യാത്രപറയുന്ന കാഴ്ച. മരണം കള്ളനെപ്പോലെ ജീവിതത്തിലേക്ക് കടന്നു വരുന്നതുവരെ കുടുംബത്തിനും തന്നെ സ്നേഹിക്കുന്നവർക്കും, താൻ ഉൾപ്പെടുന്ന സമൂഹത്തിനും നൽകിയ സേവനങ്ങൾ… ജാക്വിലിന്‍ ഭൗതീക ജീവിത വഴിയിലെ ഓട്ടം പൂർത്തിയാക്കി മടങ്ങുപ്പോൾ ഒരായിരം നന്മകൾ നൽകിയ നന്മമരം അയർലണ്ട് മലയാളികളുടെ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്ന ഒരു നക്ഷത്രമായി എന്ന കാര്യത്തിൽ സംശയമില്ല.

കോട്ടയം കുടമാളൂര്‍ ചിറ്റേട്ട് ബിജുവിന്റെ ഭാര്യയാണ് പരേതയായ ജാക്ക്വിലിന്‍. കഴിഞ്ഞ കുറെ വർഷങ്ങളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു ജാക്ക്വിലിന്‍.

രാമപുരത്തിനടുത്തുള്ള നീറന്താനം ഇടവകയിലെ കണിപ്പള്ളിൽ കുഴിക്കാട്ട് വീട്ടിലെ അംഗമാണ് പരേതയായ ജാക്ക്വലിൻ. ഇമ്മാനുവേൽ-മേരിക്കുട്ടി ദമ്പതികൾക്ക് അഞ്ച് മക്കളാണ് ഉള്ളത്. ജാൻസി, ജോൺസൻ, ജോഷി, ജൂലിയസ് എന്നിവരാണ് പരേതയുടെ സഹോദരങ്ങൾ.