തിരുവനന്തപുരം: മൗനിയാകാന്‍ തനിക്ക് മനസ്സില്ലെന്ന് ജേക്കബ് തോമസ്. അഴിമതിക്കെതിരെ നില്‍ക്കുന്നവരെ മൗനിയാക്കാന്‍ ശ്രമം നടക്കുന്നു. ഇപ്പോള്‍ സ്രാവുകള്‍ക്കൊപ്പം നീന്തുകയാണ്. ഇനിയും സ്രാവുകള്‍ക്കൊപ്പം തന്നെ നീന്തല്‍ തുടരും. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പലതും നേരിടേണ്ടി വരും. സസ്‌പെന്‍ഷനെ കുറിച്ച് അറിവ് കിട്ടിയിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതി വിരുദ്ധ ദിവസമാണ് അഴിമതിക്കെതിരെ സംസാരിച്ചത്. അഴിമതി വിരുദ്ധ നിയമം നടപ്പിലാകുന്നുണ്ടെന്ന് ജനം കരുതുന്നുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു.

സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയെ തുടര്‍ന്നാണാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇത് സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തത്.ജേക്കബ് തോമസ് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറകട്‌റാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ ഇതുകൊണ്ടാണ് പേടിക്കുന്നതെന്നുമാണ് ജേക്കബ് തോമസ് പറഞ്ഞത്. കേരളത്തില്‍ അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും അവര്‍ക്ക് അധികാരമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഓഖി ദുരന്തത്തില്‍എത്ര പേര്‍ മരിച്ചുവെന്നോ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ഥ അധികാരിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു.

ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരുകയും കയ്യേറ്റക്കാര്‍ വമ്പന്‍മാരായി മാറുകയും ചെയ്യും. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അഴിമതിക്കാരെല്ലാം ഒന്നാണ്. സുനാമി പാക്കേജിലെ 1600 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നുവെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച കാണേണ്ടിവരുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.