തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ഡിജിപി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് വീഴ്ച വരുത്തിയെന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും വിമര്‍ശിച്ചതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചത്. നിലവില്‍ ഐഎംജി ഡയറക്ടറാണ്.
ഡിസംബര്‍ 9ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന പരിപാടിയിലാണ് സര്‍ക്കാരിനെതിരെ ജേക്കബ് തോമസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പണക്കാരുടെ മക്കളാണ് കടലില്‍ പോയിരുന്നതെങ്കില്‍ സര്‍ക്കാരിന്റെ പ്രതികരണം ഇതാകുമായിരുന്നില്ലെന്നായിരുന്ന ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ ജേക്കബ് തോമസിന്റെ വിമര്‍ശനം. അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതി വിരുദ്ധരെ നിശബ്ദരാക്കുമെന്നും ജേക്കബ് തോമസ് തുറന്നടിച്ചിരുന്നു.
ഈ ആരോപണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് ഒരു ഉദ്യോഗസ്ഥന്‍ ഈ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും വിശദീകരിക്കപ്പെടുന്നു. ഇതേത്തുടര്‍ന്ന് അഖിലേന്ത്യാ സര്‍വീസ് നിയമം അനുസരിച്ച് നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.
Leave a Reply