ഓക്സ്ഫോര്‍ഡിലെ സെന്റ് പീറ്റേഴ്സ് ആന്‍റ് സെന്റ് പോള്‍സ് യാക്കോബായ പള്ളി പൊതുയോഗത്തില്‍ വാക്ക് തര്‍ക്കവും സംഘര്‍ഷവും. ഇടവകയില്‍ നിന്നുള്ള പ്രതിപുരുഷനെ തെരഞ്ഞെടുക്കുന്നതിന് ചേര്‍ന്ന യോഗമാണ് ചേരി തിരിഞ്ഞുള്ള വാഗ്വാദത്തിലും ബഹളത്തിലും കലാശിച്ചത്. കാതോലിക്കാ ബാവയെ അനുകൂലിക്കുന്ന വിഭാഗവും പാത്രിയര്‍ക്കീസ് ബാവയെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലാണ് ചേരിതിരിവും ബഹളവും ഉണ്ടായത്.
പള്ളി പ്രതിപുരുഷനെ തെരഞ്ഞെടുക്കുന്ന യോഗത്തില്‍ ഇടവക വികാരി ഫാ. രാജു ചെറുവള്ളിയുടെ നിര്‍ദ്ദേശപ്രകാരം കാതോലിക്ക ബാവയുടെ അനുകൂലികളില്‍ നിന്നുള്ളയാളെ പ്രതിപുരുഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് ബഹളം ഉണ്ടായത്. പാത്രിയര്‍ക്കീസ് ബാവ പക്ഷക്കാരായ ആളുകള്‍ ഇതിനെ എതിര്‍ക്കുകയും തങ്ങളുടെ പക്ഷത്ത് നിന്നുള്ളയാള്‍ വേണം പ്രതിപുരുഷ സ്ഥാനത്തേക്ക് എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് വേണ്ടി നടന്ന ഇലക്ഷനില്‍ കത്തോലിക്ക ബാവ അനുകൂലികള്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ച് പാത്രിയര്‍ക്കീസ് പക്ഷക്കാര്‍ ബഹളം വയ്ക്കുകയും ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു.
തുടര്‍ന്ന് പാത്രിയര്‍ക്കീസ് ബാവയെ അനുകൂലിക്കുന്ന വിഭാഗം യോഗം ബഹിഷ്കരിക്കുകയും തെരഞ്ഞെടുപ്പ് അംഗീകരിക്കില്ല എന്ന് പ്രഖ്യാപിക്കുകയും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നില്ലെങ്കില്‍ തങ്ങള്‍ ഇനി ഇടവകയുടെ പരിപാടികള്‍ ബഹിഷ്കരിക്കും എന്നും ഇവര്‍ പ്രഖ്യാപിച്ചു.
എന്നാല്‍ ഇവരുടെ എതിര്‍പ്പ് മുഖവിലക്ക് എടുക്കാതെ കാതോലിക്ക ബാവ പക്ഷക്കാരനായ ജോസ് വര്‍ക്കിയെ ഇടവകയില്‍ നിന്നുള്ള പ്രതിപുരുഷനായി തെരഞ്ഞെടുത്തതായി പൊതുയോഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ തീരുമാനം അംഗീകരിക്കില്ലെന്ന് മറുഭാഗവും അറിയിച്ചതോടെ വിശ്വാസികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
Leave a Reply